ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ചോദ്യം; കൃത്യമായ ഉത്തരം നൽകി കങ്കണ റണൗട്ട്
600 വർഷത്തെ പോരാട്ടത്തിന് ശേഷം അയോധ്യയിൽ ശ്രീരാമന്റെ പ്രതിഷ്ഠ സാധ്യമാക്കിയതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കങ്കണ പ്രശംസിച്ചു.
അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ സൂചനകള്‍ നല്‍കി ബോളിവുഡ് താരം കങ്കണ റണൗട്ട്.
ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് കങ്കണയുടെ പ്രതികരണം. പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ എത്തിയപ്പോഴാണ് കങ്കണ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ കുറിച്ച് മനസ് തുറന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കങ്കണയോട് ചോദിക്കുകയായിരുന്നു.
ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാല്‍ പോരാടാൻ ഇറങ്ങുമെന്ന് കങ്കണ മറുപടി പറഞ്ഞു. 600 വർഷത്തെ പോരാട്ടത്തിന് ശേഷം അയോധ്യയിൽ ശ്രീരാമന്റെ പ്രതിഷ്ഠ സാധ്യമാക്കിയതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കങ്കണ പ്രശംസിച്ചു. വലിയ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. ലോകമെമ്പാടും സനാതന ധർമ്മത്തിന്റെ പതാക ഉയർത്തണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. അതേസമയം, കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തേജസ് ബോക്സോഫീസ് ദുരന്തമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ബോക്സോഫീസില്‍ ആറ് ദിവസത്തില്‍ 5 കോടി രൂപയാണ് 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ ചിത്രം ഇതുവരെ നേടിയത്. അതിനിടയില്‍ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി കങ്കണ സംഘടിപ്പിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന ചിത്രം എന്നാണ് യോഗി ചിത്രത്തെക്കുറിച്ച് എക്സ് പോസ്റ്റ് ഇട്ടത്.
തന്‍റെ ചിത്രം കണ്ട് യോഗി അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. തന്‍റെ സിനിമയെ വെറുക്കുന്നവര്‍ ദേശവിരുദ്ധരാണ് എന്നാണ് കങ്കണ പറഞ്ഞത്. ഇത്തരക്കാര്‍ തന്‍റെ പരിശ്രമത്തെയും അത് നല്‍കുന്ന സന്ദേശവും അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കങ്കണ കുറ്റപ്പെടുത്തി. ദേശ സ്നേഹമുള്ള എല്ലാവരും തേജസിന്‍റെ പ്രാധാന്യം മനസിലാക്കുമെന്നും, അത് കാണണമെന്നും കങ്കണ പറഞ്ഞു.