സംക്രാന്തി ക്ലാഷിന് 'പുഷ്‍പ 2 റീലോഡഡ്' ഇല്ല! കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍
20 മിനിറ്റ് അധിക രംഗങ്ങള്‍ ഉണ്ടാവും പുതിയ പതിപ്പില്‍
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് ആണ് നിലവില്‍ പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 1831 കോടി രൂപയാണ്. പുഷ്പ ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു വിവരം നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. പുഷ്പ 2 ന്‍റെ എക്സ്റ്റന്‍ഡഡ് പതിപ്പ് പുഷ്പ 2 റീലോഡഡ് എന്ന പേരില്‍ വീണ്ടും തിയറ്ററുകളില്‍ എത്തിക്കും എന്നതായിരുന്നു അത്. പുതിയ പതിപ്പിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിലീസ് തീയതിയില്‍ ഇപ്പോഴിതാ ഒരു മാറ്റവും അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡിസംബര്‍ 5 ന് പുറത്തെത്തിയ പുഷ്പ 2 ആദ്യ പതിപ്പില്‍ നിന്നും 20 മിനിറ്റ് അധിക ഫൂട്ടേജുമായാണ് റീലോഡഡ് വെര്‍ഷന്‍ എത്തുകയെന്നായിരുന്നു ഇന്നലെ എത്തിയ അറിയിപ്പ്. ഒപ്പം ഇതിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരുന്നു. ജനുവരി 11 ന് എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പുതിയ പതിപ്പ് 11ന് റിലീസ് ചെയ്യാന്‍ ആവില്ലെന്നും പകരം 17 ന് തിയറ്ററുകളില്‍ എത്തുമെന്നുമാണ് നിര്‍മ്മാതാക്കള്‍ പുതുതായി അറിയിച്ചിരിക്കുന്നത്.
തെലുങ്ക് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട റിലീസ് സീസണുകളില്‍ ഒന്നാണ് സംക്രാന്തി. 10-ാം തീയതി മുതല്‍ ഇത്തവണത്തെ സംക്രാന്തി റിലീസുകളില്‍ എത്തുന്നുണ്ട്. ഏറ്റവും പ്രധാന ചിത്രം ഗെയിം ചേഞ്ചര്‍ 10 ന് എത്തും. തൊട്ടുപിന്നാലെ പുഷ്പ 2 റീലോഡഡും എത്തുമെന്ന ആവേശത്തിലായിരുന്നു അല്ലു അര്‍ജുന്‍ ആരാധകര്‍. എന്നാല്‍ കാത്തിരിരുന്നാലും നഷ്ടം വരില്ലെന്ന നിര്‍മ്മാതാക്കളുടെ ഉറപ്പില്‍ വിശ്വസിക്കുകയാണ് ഇപ്പോള്‍ അവര്‍.
ALSO READ : മലയാളത്തില്‍ നിന്ന് ക്രിക്കറ്റ് പശ്ചാത്തലമാക്കുന്ന സ്പോര്‍ട്‍സ് മൂവി വരുന്നു