'പുഷ്പേ... കടുവ എവിടെ' : പുഷ്പ 2 റിലീസിന് ശേഷം ചോദ്യം ഉയര്‍ത്തി സോഷ്യല്‍ മീഡിയ!

പുഷ്പ 2 റിലീസായെങ്കിലും ആദ്യ പ്രൊമോയിലെ രംഗങ്ങള്‍ എവിടെ എന്ന ചോദ്യം ഉയരുകയാണ് സോഷ്യല്‍ മീഡിയയില്‍

pushpa 2 original movie missed Where is Pushpa footages social media react

ഹൈദരാബാദ്: ഏറെ കാത്തിരിപ്പിന് ശേഷം പുഷ്പ 2 കഴിഞ്ഞ ദിവസമാണ് റിലീസായത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസ് ദിനത്തില്‍ 175 കോടിക്ക് അടുത്ത് കളക്ഷനാണ് ഇന്ത്യയില്‍ മാത്രം ബോക്സോഫീസില്‍ നിന്നും ചിത്രം നേടിയത്. സുകുമാര്‍ സംവിധാനം നിര്‍വഹിച്ച അല്ലു അര്‍ജുന്‍ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ മിക്സ്ഡായ ഒരു അഭിപ്രായമാണ് ഉണ്ടാക്കുന്നതെന്നും വിവരമുണ്ട്. എങ്കിലും വാരാന്ത്യ കളക്ഷനെ അത് ബാധിക്കില്ലെന്നാണ് വിവരം. 

അതേ സമയം ചിത്രം ഇറങ്ങിയതിന് പിന്നാലെ ചിത്രത്തിന്‍റെ ആദ്യ അപ്ഡേറ്റ് വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. 2023 ഏപ്രിലിലാണ് പുഷ്പ സംബന്ധിച്ച അപ്ഡേറ്റ് ആദ്യം വന്നത്. വേര്‍ ഈസ് പുഷ്പ എന്ന ഒരു വീഡിയോയാണ് അന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സ് പുറത്തുവിട്ടത്. 

അന്ന് അല്ലുവിന്‍റെ പിറന്നാള്‍ ദിന തലേന്നാണ് വീഡിയോ പുറത്തുവന്നത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലായിരുന്നു അന്ന് പുറത്തെത്തിയ പ്രൊമോ വീഡിയോ. 

ഒരു കടുവയ്ക്കൊപ്പം അല്ലുവിനെ കാണിക്കുന്ന ഈ രംഗം ചിത്രത്തിന്‍റെ ഹൈപ്പ് ഗംഭീരമായി വര്‍ദ്ധിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പെണ്‍വേഷത്തില്‍ നില്‍ക്കുന്ന അല്ലുവിന്‍റെ ചിത്രവും ഈ പ്രമോ വീഡിയോയുമാണ് പുഷ്പ 2വിന് വേണ്ടി ഇറങ്ങിയത്. അതിനാല്‍ തന്നെ പെണ്‍വേഷത്തില്‍ നില്‍ക്കുന്ന അല്ലു കടുവയെ ചുമലില്‍ എടുത്ത് നില്‍ക്കുന്ന ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പോലും അന്ന് ഇറങ്ങിയിരുന്നു. അന്ന് 2024 ആഗസ്റ്റ് 15ന് ചിത്രം എത്തും എന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ കഴിഞ്ഞ ദിവസം റിലീസായ പുഷ്പ 2വില്‍ ഇത്തരം രംഗങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് രസകരം. പുഷ്പ ജയിലില്‍ പോകുന്ന ഒരു സീക്വന്‍സും ഇല്ല. 

കടുവയും ആ രംഗങ്ങളും എവിടെ എന്ന് ചോദിക്കുന്ന പോസ്റ്റുകള്‍ എക്സിലും മറ്റും വരുന്നുണ്ട്. പ്രമോ വേറെയും സിനിമ വേറെയും എന്നാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനിടയില്‍ കഥ മാറ്റിയോ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ പുഷ്പ 3 റാംപേജ് പ്രഖ്യാപിച്ച സ്ഥിതിക്ക് മൂന്നാം ഭാഗത്തില്‍ ഈ രംഗങ്ങള്‍ ഉണ്ടാകും എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തായാലും ആദ്യം ഇറങ്ങിയ വേര്‍ ഈസ് പുഷ്പ എന്ന പ്രമോയുടെ ഒരു ഘടകവും പുഷ്പ 2 ദ റൂളില്‍ ഉള്‍പ്പെട്ടിട്ടില്ല. 

പാന്‍ ഇന്ത്യന്‍ ഓള്‍ ടൈം റെക്കോഡുകള്‍ തവിടുപൊടി; പുഷ്പ 2 ആദ്യദിന കളക്ഷനില്‍ ഞെട്ടി ഇന്ത്യന്‍ സിനിമ ലോകം

മരണമാസ് ആയിട്ടുണ്ട്, ഫഹദ് നമ്മുടെ അഭിമാനം, ചങ്കാണ് അവൻ: പുഷ്പ 2 കണ്ട് ജിസ് ജോയ്


 

Latest Videos
Follow Us:
Download App:
  • android
  • ios