പുഷ്പ 2 വന്‍ വിജയം; സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍, ഞെട്ടി സിനിമ ലോകം- വീഡിയോ
പുഷ്പ 2: ദി റൂൾ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നതിനിടയിൽ, സംവിധായകൻ സുകുമാറിന്‍റെ ഞെട്ടിക്കുന്ന പ്രസ്താവന.
ഹൈദരാബാദ്: സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂൾ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഡിസംബർ 5 ന് റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ഇതിനകം 1200 കോടി കളക്ഷന്‍ ആഗോള ബോക്സോഫീസില്‍ നേടിയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ2 മാറി. പുഷ്പ 2 വിന്‍റെ റെക്കോർഡ് വിജയത്തിന് ശേഷവും സുകുമാർ സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
അടുത്തിടെ ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ സുകുമാർ പങ്കെടുത്തിരുന്നു, അവിടെ നടന്ന ചോദ്യത്തോരത്തില്‍ ഏത് കാര്യത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് സുകുമാര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ 'സിനിമ' എന്ന് മറുപടി പറഞ്ഞു.
സംവിധായകന്‍റെ അരികിലിരുന്ന നടൻ രാം ചരൺ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു സുകുമാറിന്‍റെ പ്രതികരണം. രാം ചരൺ പെട്ടെന്ന് സുകുമാറിൽ നിന്ന് മൈക്ക് വാങ്ങി, നിങ്ങള്‍ ഒരിക്കലും സിനിമ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു.
ഹൈദരാബാദിൽ യുവതിയുടെ മരണത്തിനിടയാക്കിയ പുഷ്പ 2 പ്രീമിയര്‍ ദുരന്തം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കവെയാണ് സുകുമാറിന്‍റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഡിസംബർ 4 ന് നടൻ അല്ലു അർജുൻ പുഷ്പ 2 പ്രീമിയര്‍ നടന്ന ഹൈദരബാദ് സന്ധ്യ തീയറ്ററില്‍ അപ്രതീക്ഷിത സന്ദർശനം നടത്തിയതിനാല്‍ ഉണ്ടായ അപ്രതീക്ഷിത തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരുടെ ഒമ്പത് വയസ്സുള്ള മകനും ഗുരുതരമായി പരിക്കേറ്റിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഡിസംബർ 13 ന് അല്ലു അർജുനെ അറസ്റ്റ് ചെയ്തു. നടനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം അല്ലു അർജുന് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.