'പുഷ്‍പ'യേക്കാള്‍ വലുത്; 'പുഷ്‍പ 2'ന് ഹൈദരാബാദില്‍ ആരംഭം
അല്ലു അര്‍ജുന്‍റെയും ഫഹദ് ഫാസിലിന്‍റെയും അസാന്നിധ്യത്തില്‍ ആയിരുന്നു പൂജ ചടങ്ങുകള്‍
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുനെ ടൈറ്റില്‍ കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത പുഷ്‍പ. ഫഹദ് ഫാസില്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക. കൊവിഡിനു ശേഷം ബോളിവുഡ് ചിത്രങ്ങളുടെ പരാജയം തുടര്‍ക്കഥയായപ്പോള്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. രണ്ട് ഭാഗങ്ങളായുള്ള ഫ്രാഞ്ചൈസിയാണെന്ന് നേരത്തേ അറിയിച്ചിരുന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ക്കിടയില്‍ അന്നു മുതല്‍ കാത്തിരിപ്പ് ഉള്ളതാണ്. ഇപ്പോഴിതാ പുഷ്പ രണ്ടാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്. പൂജ ചടങ്ങോടെ ഹൈദരാബാദിലാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. ചിത്രീകരണം ആരംഭിച്ചിട്ടില്ല. അത് ഉടന്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
അല്ലു അര്‍ജുന്‍റെയും ഫഹദ് ഫാസിലിന്‍റെയും അസാന്നിധ്യത്തില്‍ ആയിരുന്നു പൂജ ചടങ്ങുകള്‍. അല്ലു നിലവില്‍ ന്യൂയോര്‍ക്കില്‍ ആണ്. ആദ്യ ഭാഗം വന്‍ വിജയം നേടിയതുകൊണ്ടുതന്നെ മുന്‍പ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്. ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.
ALSO READ : ഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവിവധുവിനെ പരിയപ്പെടുത്തി ഡോ. റോബിൻ
ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന വിജയ് സേതുപതി രണ്ടാം ഭാഗത്തില്‍ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു കാസ്റ്റിംഗ് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ വിവരം. മൈത്രി മൂവി മേക്കേഴ്സ് പുറത്തിറക്കിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിന്‍റെ വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന താരനിരയില്‍ സേതുപതിയുടെ പേരില്ല.