ബിഗ് സ്ക്രീനിലേക്ക് വീണ്ടും അല്ലു Vs ഫഹദ്; 'പുഷ്‍പ 2' ന് നാളെ തുടക്കം
ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ നാളെ നടക്കും
ബാഹുബലിക്കും കെജിഎഫിനും ശേഷം തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ റീച്ചില്‍ മുന്നേറ്റം തന്നെ നടത്തിയ ചിത്രമായിരുന്നു പുഷ്‍പ. ബഹുഭാഷാ റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ പ്രവേശിച്ചിരുന്നു. ബോളിവുഡില്‍ അക്ഷയ് കുമാറിനു പോലും കൊവിഡ് കാലത്തിനു ശേഷം പഴയ മട്ടിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാനാവാതിരുന്ന സാഹചര്യത്തില്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് നേടിയ വിജയം ഉത്തരേന്ത്യന്‍ ചലച്ചിത്ര വ്യവസായം കാര്യമായി ശ്രദ്ധിച്ചിരുന്നു. ആദ്യ ഭാഗം വന്‍ വിജയമായിരുന്നതുകൊണ്ടുതന്നെ വന്‍ സ്കെയിലിലാണ് രണ്ടാം ഭാഗം എത്തുക. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റ് ഇപ്പോഴിതാ എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചിംഗിനെക്കുറിച്ചാണ് അത്.
ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ നാളെ നടക്കും. ചിത്രീകരണം അടുത്ത മാസമായിരിക്കും ആരംഭിക്കുക. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളര്‍ച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തില്‍. പുഷ്‍പ ദ് റൂള്‍ എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസില്‍ വീണ്ടുമെത്തും. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.
അതേസമയം ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ഒരു പ്രമുഖ തെന്നിന്ത്യന്‍ താരം രണ്ടാം ഭാഗത്തില്‍ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിജയ് സേതുപതിയെക്കുറിച്ചായിരുന്നു ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്‍ നായകനായ വിക്രത്തിനു ശേഷം വീണ്ടും വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിക്കുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. പുഷ്പ സംവിധായകന്‍ സുകുമാറിന്‍റെ അടുത്ത സുഹൃത്താണ് വിജയ് സേതുപതി. പുഷ്പ ആദ്യ ഭാഗത്തില്‍ ഒരു ഫോറസ്റ്റ് ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സുകുമാര്‍ സേതുപതിയെ സമീപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെപോയി. കഥാപാത്രത്തെ സേതുപതിക്ക് ഇഷ്ടമായെങ്കിലും ഡേറ്റിന്‍റെ ലഭ്യത ഒരു പ്രശ്നമായി അവശേഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതായാലും അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍ വൈകാതെ അത് നിര്‍മ്മാതാക്കളില്‍ നിന്നുതന്നെ അറിയാനാവും.