രജനിയുടെ 'ലിയോ' ആശംസ വിജയ് ചോദിച്ച് വാങ്ങിയതെന്ന് പ്രചരണം; പ്രതികരണവുമായി പിആര്‍ഒ

സത്യന്‍ രാമസാമി എന്നയാളാണ് സിനിമാവൃത്തങ്ങളില്‍ നിന്ന് അറിഞ്ഞതെന്ന രീതിയില്‍ ഇപ്രകാരം പ്രചരിപ്പിച്ചത്

publicist of thalapathy vijay and rajinikanth riaz k ahmed clarifies allegation about vijay tried for rajinikanth wishes for leo movie nsn

വിജയ് നായകനാവുന്ന ലിയോയ്ക്ക് വിജയാശംസ നേര്‍ന്നുകൊണ്ടുള്ള രജനികാന്തിന്‍റെ വാക്കുകള്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ലിയോയുടെ വിജയത്തിനുവേണ്ടി താന്‍ദൈവത്തോട് പ്രാര്‍ഥിക്കുമെന്നായിരുന്നു രജനി പറഞ്ഞത്. താന്‍ നായകനാവുന്ന പുതിയ ചിത്രം തലൈവര്‍ 170 ന്‍റെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലെത്തിയ രജനി മാധ്യമപ്രവര്‍ത്തകര്‍ ലിയോയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ഒരു പ്രചരണം നടന്നിരുന്നു. തന്‍റെ ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രചരണത്തിന് ബലം കിട്ടാന്‍ വിജയ് ആവശ്യപ്പെട്ടതനുസരിച്ചാണ് രജനി ചിത്രത്തെക്കുറിച്ച് പറഞ്ഞതെന്നായിരുന്നു അത്. 

സത്യന്‍ രാമസാമി എന്നയാളാണ് സിനിമാവൃത്തങ്ങളില്‍ നിന്ന് അറിഞ്ഞതെന്ന രീതിയില്‍ ഇപ്രകാരം പ്രചരിപ്പിച്ചത്. റിയാസ് കെ അഹമ്മദ് എന്നയാളാണ് രജനികാന്തിന്‍റെയും വിജയിയുടെയും പിആര്‍ഒ. ലിയോയെക്കുറിച്ച് ഒരു വാക്കോ അനുഗ്രഹമോ രജനിയുടെ ഭാഗത്തുനിന്ന് കിട്ടാന്‍ വിജയിയും സംഘവും ആഗ്രഹിച്ചെന്നും ഇക്കാര്യം റിയാസിനോട് പറഞ്ഞെന്നുമായിരുന്നു സത്യന്‍ രാമസാമിയുടെ എക്സ് പോസ്റ്റ്. റിയാസ് ഇക്കാര്യം പറഞ്ഞപ്പോള്‍ ചിത്രം ഇറങ്ങിക്കഴിഞ്ഞ് താന്‍ വിശദമായ അഭിനന്ദന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇടാമെന്ന് രജനി പറഞ്ഞെന്നും എന്നാല്‍ ചിത്രത്തിന്‍റെ പ്രചരണത്തിനായി റിലീസിന് മുന്‍പ് അത് വേണമെന്ന് വിജയ് വാശി പിടിച്ചെന്നും കുറിപ്പ് നീളുന്നു. റിയാസ് ഇക്കാര്യം വീണ്ടും രജനിയെ അറിയിച്ചെന്നും മനസില്ലാമനസോടെ അദ്ദേഹം അവതരിപ്പിച്ച ആശയമാണ് തൂത്തുക്കുടിയില്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ലിയോയെക്കുറിച്ചുള്ള പ്രതികരണമെന്നും സത്യന്‍ രാമസാമി ആരോപിക്കുന്നു. ഇതുപ്രകാരമാണ് രജനിയുടെ പ്രതികരണം വന്നതെന്നും. 

 

എന്നാല്‍ ഇത് പൂര്‍ണ്ണമായും വാസ്‍തവ വിരുദ്ധമാണെന്നാണ് രജനികാന്തിന്‍റെയും വിജയിയുടെയും പിആര്‍ഒ ആയ റിയാസ് കെ അഹമ്മദിന്‍റെ പ്രതികരണം. "ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി തവൈരറോ ദളപതിയോ ഇത്തരത്തില്‍ ഒന്ന് ആലോചിക്കുകപോലും ചെയ്യില്ല. ഇതുപോലെ ഓരോന്ന് കെട്ടിച്ചമച്ച് ഉണ്ടാക്കുന്നതിന് മുന്‍പ് ഉത്തരവാദിത്തമുള്ളവരാവുക", പ്രസ്തുത എക്സ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് റിയാസ് കെ അഹമ്മദ് കുറിച്ചു.

 

അതേസമയം റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ലിയോയ്ക്ക് ലഭിക്കുന്ന ഹൈപ്പ് വാനോളമാണ്. പ്രീ ബുക്കിംഗ് ആരംഭിച്ച കേരളം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലെല്ലാം വമ്പന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഓപണിംഗ് ഡേ കളക്ഷനില്‍ റെക്കോര്‍ഡും ഇട്ടുകഴിഞ്ഞു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയിയുടെ നായികയായി തൃഷയാണ് എത്തുന്നത്.

ALSO READ : 'വിട പറഞ്ഞിട്ട് 16 വര്‍ഷങ്ങള്‍, പക്ഷേ അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടും'; 'പട്ടാളം പുരുഷു'വിനെ ഓര്‍ക്കുമ്പോള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios