മാർക്കോ പാൻ വേൾഡ് പടം, അവരെല്ലാം ചെയ്തത് ബുദ്ധിപരമായി: ഉണ്ണി മുകുന്ദൻ ചിത്രത്തെ കുറിച്ച് നിർമാതാവ്
ഡിസംബര്‍ 20ന് ആയിരുന്നു മാര്‍ക്കോയുടെ റിലീസ്.
മലയാള സിനിമയെ മറ്റൊരു തലത്തിലെത്തിച്ച സിനിമയാണ് മാർക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മലയാളവും കടന്ന് ബോളിവുഡിനെയും ടോളിവുഡിനെയും കോളിവുഡിനെയും ഞെട്ടിച്ചിരിക്കുകയാണ്. ഏപ്രിലിൽ ചിത്രത്തിന്റെ കൊറിയൻ പതിപ്പും റിലീസ് ചെയ്യും. നിലവിൽ 100 കോടി ക്ലബ്ബും പിന്നിട്ട് മൂന്നാം വാരത്തിലേക്ക് കടന്ന മാർക്കോയെ കുറിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
18+ സിനിമയാകുമെന്ന് മാർക്കോ ടീമിന് അറിയാമായിരുന്നുവെന്നും അതെല്ലാം മനസിലാക്കി വളരെ ബുദ്ധിപരമായാണ് സിനിമ മാർക്കറ്റ് ചെയ്തതെന്ന് വേണു കുന്നപ്പിള്ളി പറയുന്നു. മറ്റ് രാജ്യങ്ങളിൽ ചിത്രത്തിന് വലിയ മാർക്കറ്റ് ലഭിക്കുമെന്നും മാർക്കോ പാൻ വേൾഡ് പടമാണെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ പോക്കിതെങ്ങോട്ട്..; തുടക്കം അതിഗംഭീരമാക്കി രേഖാചിത്രം, ആസിഫ് അലി ചിത്രം ആദ്യദിനം നേടിയത്
"മാർക്കോയുടെ അണിയറ പ്രവർത്തകർ വളരെ ബുദ്ധിപരമായി മാർക്കറ്റെല്ലാം പഠിച്ച ശേഷമാണ് അങ്ങനെയൊരു സിനിമ എടുക്കാൻ ധൈര്യം കാണിച്ചത്. സിനിമ എന്തായാലും എ സർട്ടിഫിക്കറ്റ് ആയിരിക്കുമെന്നും 18 വയസിന് താഴേയുള്ളവർക്ക് സിനിമ കാണാൻ സാധിക്കില്ലെന്നും ഇവർക്ക് അറിയാം. പതിനെട്ട് വയസിന് താഴേ എന്ന് പറയുമ്പോൾ തന്നെ കുറേ ഫാമിലീസ് പോകില്ല. യുവാക്കളാകും കൂടുതലും പോകുന്നത്. അവരെ ഒഴിവാക്കി ചെയ്യുക എന്നത് പ്രോപ്പറായ പ്ലാനിങ്ങിലൂടെയാണ്. മാർക്കോ ടീം ടാർഗെറ്റ് ചെയ്യുന്നത് കെജിഎഫ് പോലെയും വയലൻസ് ഉള്ളതുമായ സിനിമകളാകും. 18+ ആയിട്ടൊക്കെ അത്തരം സിനിമകൾ ഇവിടെ ഓടുന്നുണ്ട്. അങ്ങനെയൊരു ടാർഗറ്റ് കണ്ട്, കറക്ടായ കാൽക്കുലേഷനുകൾ നടത്തിയാണ് സിനിമ ഇറക്കിയത്. ഇതുവരെ ആരും ചെയ്യാത്ത രീതിയിലായിരുന്നു പ്രമോഷൻ. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ എങ്ങും മാർക്കോ തന്നെയായിരുന്നു", എന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.
"ഒരു സിനിമ ചെയ്യുന്ന സമയത്ത് ഇത്ര രൂപ ഇതിന് വിനിയോഗിക്കാം എന്ന ധാരണയുണ്ട്. മാർക്കോ ടീമിന്റെ ചിന്ത ചിലപ്പോൾ വേറെ രീതിയിൽ ആകാം. എന്തായാലും സിനിമ സൂപ്പർ ഹിറ്റായി. മറ്റ് രാജ്യങ്ങളിൽ മാർക്കോയ്ക്ക് ഭയങ്കര മാർക്കറ്റ് ഉണ്ടാകും. പ്രത്യേകിച്ച് അതൊരു സ്റ്റോറി ബേയ്സ് അല്ല ആക്ഷൻ ബേയ്സ് സിനിമയാണ്. ലാറ്റിനമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിൽ വൻ സ്വീകാര്യത ലഭിക്കും. അവർക്കൊക്കെ ഇത്തരം സിനിമകൾക്ക് വൻ ഡിമാൻഡ് ആണ്. പാൻ വേൾഡ് സാധ്യതയുള്ള സിനിമയാണ് മാർക്കോ", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..