'ഞാന്‍ നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ നിങ്ങളുണ്ടാകും'; ബിനീഷിന് പിന്തുണയുമായി നിര്‍മാതാവ് സന്ദീപ് സേനന്‍
''പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കനാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍- ബിനീഷിനെ പിന്തുണച്ച സന്ദീപ് അനില്‍ രാധാകൃഷ്ണ മേനോനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.''
തിരുവനന്തപുരം: മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ് നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ പ്രതിഷേധം ശക്തമാവുമകയാണ്. പാലക്കാട് മെഡിക്കില്‍ കോളേജ് ഡേയ്ക്കെത്തിയ നടനെ അപമാനിച്ചതായാണ് ആരോപണം. സംഭവത്തില്‍ ബിനീഷ് ബാസ്റ്റിനെ പിന്തുണച്ച് സിനാമാലോകത്ത് നിന്നും നിരവധിപേര്‍ രംഗത്ത് വന്നു. ഇപ്പോഴിതാ തന്‍റെ അടുത്ത ചിത്രത്തില്‍ ബിനീഷിന് അവസരം നല്‍കുമെന്നും എല്ലാ പിന്തുണയും നല്‍കുന്നുവെന്നും നിര്‍മാതാവ് സന്ദീപ് സേനനും വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് സേനന്‍ നിലപാട് വ്യക്തമാക്കിയത്. ബിനീഷിനെ പിന്തുണച്ച സന്ദീപ് അനില്‍ രാധാകൃഷ്ണ മേനോനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ, പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പല്‍, ബിനീഷിനായി കയ്യടിച്ച വിദ്യാര്‍ത്ഥികള്‍- ഇവരില്‍ നിന്നും മനുഷ്യനേതെന്ന് തിരിച്ചറിയാം- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഡാകിനി തുടങ്ങി ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസറാണ് സന്ദീപ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഈ ഇരുപ്പിൽ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ . അനിൽ രാധാകൃഷ്ണ മേനോൻന്റെ നില്‍പ്പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ടാന്നമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ, പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാം.
ബിനീഷ്... നിങ്ങൾ ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .
എന്നും ബിനീഷ് ബാസ്റ്റിനൊപ്പം