'50,100 കോടി കിട്ടാതെ കിട്ടിയെന്ന് പറയുന്നവര്‍ ഉണ്ട്, നീട്ടിപ്പിടിക്കുന്നതാണ് അത്'; ലിസ്റ്റിന്‍ പറയുന്നു
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രമാണ് ലിസ്റ്റിന്റെ നിർമാണത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
മലയാള സിനിമയിലെ തിരക്കേറിയ നിർമാതാക്കളിൽ ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. 2011ൽ റിലീസ് ചെയ്ത ട്രാഫിക് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ലിസ്റ്റിൻ ഇതിനോടകം ഒട്ടനവധി ഹിറ്റുകൾ നിർമിച്ചു കഴിഞ്ഞു. നിർമാതാവിന് പുറമെ ചില സിനിമകളിലും മുഖം കാണിച്ചിട്ടുള്ള ലിസ്റ്റിന്റെ അഭിമുഖങ്ങളും തഗ് ഡയലോഗുകളും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയിലെ ബോക്സ് ഓഫീസിനെ കുറിച്ച് ലിസ്റ്റിൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"മലയാള സിനിമയിൽ 50, 100 കോടി ക്ലബ്ബിൽ കയറി എന്ന് സത്യസന്ധമായി പറഞ്ഞ പല ചിത്രങ്ങളും ഉണ്ട്. ചിലർ അത് നീട്ടി പിടിക്കും. അൻപത് കോടി എത്തിയില്ലെങ്കിലും അതിന്റെ അരികിൽ എത്തുമ്പോൾ തന്നെ എത്തിയെന്ന് പറയും. അതൊക്കെ സ്വാഭാവികമാണ്. അൻപത് ദിവസം ഒരു സിനിമ പൂർത്തിയാക്കി എന്നത് ഒരാഴ്ച മുൻപ് ആണ് പോസ്റ്ററടിച്ച് ഇറക്കുന്നത്. അതുപോലെയാണ് കോടി ക്ലബ്ബുകളും", എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.
ഒരു സിനിമയ്ക്ക് 100 കോടി കളക്ഷൻ ലഭിച്ചു കഴിഞ്ഞാൽ അതിന്റെ വൺ തേർഡ് മാത്രമെ നമുക്ക് കിട്ടു. അതായത് ഒരു നാല്പതി കോടി രൂപയെ നമുക്ക് കിട്ടുള്ളൂവെന്നാണ് ലിസ്റ്റിൻ പറയുന്നത്. ജിഞ്ചർ മീഡിയയോട് ആയിരുന്നു ലിസ്റ്റിന്റെ പ്രതികരണം.
'രണ്ടുതവണ വിജയിക്കാതിരുന്നപ്പോൾ പിന്മാറിയില്ല, കഠിന പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി'
അതേസമയം, മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രമാണ് ലിസ്റ്റിന്റെ നിർമാണത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നിവിൻ പോളി നായകനായി എത്തിയ ചിത്രം പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയെങ്കിലും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചിരുന്നില്ല. അജയന്റെ രണ്ടാം മോഷണം, ദിലീപ് ചിത്രം, സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന സിനിമ, കുഞ്ചാക്കോ ബോബൻ സിനിമയും ലിസ്റ്റിന്റെ നിർമാണത്തിൽ ഇനി വരാനിരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..