'പുതിയ അദ്ധ്യായത്തിന്‍റെ ആരംഭം'; അഞ്ജലി മേനോന്‍ ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ്

സിനിമാ വിതരണത്തിൽ നിന്ന് നിർമ്മാണത്തിലേക്ക് എത്തിയ കമ്പനിയാണ് കെആർജി സ്റ്റുഡിയോസ്

producer karthik gowda about anjali menon new movie krg studios nsn

എണ്ണത്തില്‍ കുറവാണെങ്കിലും ജനപ്രീതിയില്‍ മുന്നിട്ടു നിന്ന ചിത്രങ്ങളാണ് അഞ്ജലി മേനോന്‍റേത്. അവരുടെ പുതിയ സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം അതുകൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കന്നഡ സിനിമാ മേഖലയില്‍ സവിശേഷ മുദ്ര പതിപ്പിച്ച വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ കെആർജി സ്റ്റുഡിയോസ് ആണ് അഞ്ജലി മേനോന്‍റെ പുതിയ ചിത്രം ഒരുക്കുന്നത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ്, ഉസ്താദ് ഹോട്ടൽ, കൂടെ, വണ്ടർ വുമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ ആദ്യമായി കെആർജി സ്റ്റുഡിയോസുമായി സഹകരിച്ച് ചെയ്യുന്ന ചിത്രം തമിഴിലാണ് റിലീസിന് ഒരുങ്ങുന്നത്.

സിനിമാ വിതരണത്തിൽ നിന്ന് നിർമ്മാണത്തിലേക്ക് എത്തിയ കമ്പനിയാണ് കെആർജി സ്റ്റുഡിയോസ്. 2017ൽ സിനിമാ വിതരണം ആരംഭിച്ച കെആർജി സ്റ്റുഡിയോസ് ഇതിനോടകം 100 ല്‍ ഏറെ കന്നഡ ചിത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 2020 മുതലാണ് നിർമാണ കമ്പനിയായി കെആർജി മാറുന്നത്. രോഹിത് പടകിയുടെ സംവിധാനത്തിൽ ധനഞ്ജയ്‌ നായകനായ രത്നൻ പ്രപഞ്ച എന്ന ചിത്രത്തിലൂടെ കെആർജി സ്റ്റുഡിയോസ് മികച്ച തുടക്കമാണ് നിർമാണരംഗത്ത് നടത്തിയത്. ആമസോൺ പ്രൈം വീഡിയോയിൽ ഡയറക്ട് റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. ഗുരുദേവ് ഹൊയ്സാല എന്ന ചിത്രത്തിലൂടെ അവര്‍ ജൈത്രയാത്ര തുടരുകയായിരുന്നു. 

ജോണർ വ്യത്യാസമില്ലാതെ മികച്ച കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് കെആർജി സ്റ്റുഡിയോസിന്റെ യാത്ര. മികച്ച കൂട്ടുകെട്ടുകൾ തിരഞ്ഞെടുത്ത് തെന്നിന്ത്യൻ ഭാഷകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തി സിനിമകൾ ചെയ്യുക എന്നതാണ് കെആർജി സ്റ്റുഡിയോസിന്റെ ലക്ഷ്യം. കെആര്‍ജി സ്റ്റുഡിയോസുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് അഞ്ജലി മേനോന്റെ വാക്കുകൾ ഇങ്ങനെ "കെആർജി സ്റ്റുഡിയോസുമായുള്ള സഹകരണത്തെ ആകാംക്ഷയോടെയാണ് ഞാന്‍ കാണുന്നത്. ലോകോത്തര പ്രൊഡക്ഷൻ ക്വാളിറ്റിയിൽ മികച്ച സിനിമകൾ നൽകുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഞങ്ങൾ ഒന്നിക്കുന്നത്. ഭാഷയുടെ അതിർത്തികൾ താണ്ടി പ്രേക്ഷകർ സിനിമകൾ ആസ്വദിക്കുമ്പോൾ മികച്ച എന്റർടെയ്‍നറും അതോടൊപ്പം ചിന്തിപ്പിക്കാൻ കൂടി കഴിയുന്ന ചിത്രങ്ങൾ സമ്മാനിക്കാൻ തയ്യാറാവുകയാണ് ഞങ്ങൾ".

കെആർജി സ്റ്റുഡിയോസിന്റെ നിർമാതാവും സഹ സ്ഥാപകനുമായ കാർത്തിക് ഗൗഡയുടെ വാക്കുകൾ ഇങ്ങനെ- "അഞ്ജലി മേനോനുമായുള്ള സഹകരണം കെആർജി സ്റ്റുഡിയോസിന്റെ പുതിയ അദ്ധ്യായത്തിന്റെ ആരംഭമാണ്. സിനിമ എന്ന മാജിക്കിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഭാഷകൾ താണ്ടി പ്രേക്ഷകരിലേക്ക് എത്താൻ സിനിമയ്ക്ക് കഴിയുന്നു. ഈ യാത്ര ആരംഭിക്കുന്നത് തന്നെ ഞാനും എന്റെ പ്രിയ സുഹൃത്തും എന്റർടൈന്മെന്റ് എക്സിക്യൂട്ടീവുമായ വിജയ് സുബ്രഹ്മണ്യനും തമ്മിലുള്ള ചർച്ചകൾക്കിടയിലാണ്. നല്ല രീതിയിൽ മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ ഉണ്ടാകുന്ന വലിയ ഇമ്പാക്ട് തന്നെയാണ് ഞങ്ങളെ ഈ യാത്രയിലേക്ക് നയിച്ചത്. ഞങ്ങളുടെ കഴിവ് മനസ്സിലാക്കി ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഒരു സഹ നിർമാതാവായി പ്രവർത്തിക്കാൻ മനസ്സ് കാണിച്ചതിൽ നന്ദി പറയുന്നു." 

കെആർജി സ്റ്റുഡിയോസ് അഞ്ജലി മേനോനുമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രം മികച്ച ഉള്ളടക്കം പ്രേക്ഷകരിലേക്ക് എത്തിക്കും എന്നാണ് പ്രതീക്ഷ. പി ആർ ഒ - ശബരി.

ALSO READ : 'മൗനരാഗം' സീരിയൽ താരം കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios