പ്രിയദര്‍ശന്‍ ചിത്രത്തില്‍ സെയ്‍ഫ് അലി ഖാന്‍ നായകന്‍? വരുന്നത് മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്ക്?
ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
തെന്നിന്ത്യയില്‍ നിന്ന് പോയി ബോളിവുഡില്‍ തുടര്‍ വിജയങ്ങള്‍ നേടിയ ചുരുക്കം സംവിധായകരുടെ നിരയിലാണ് പ്രിയദര്‍ശന്‍റെ സ്ഥാനം. 2021 ല്‍ പുറത്തെത്തിയ ഹംഗാമ 2 ആണ് പ്രിയന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ഹിന്ദി ചിത്രം. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ബോളിവുഡില്‍ കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ അക്ഷയ് കുമാറിനൊപ്പം അദ്ദേഹത്തിന്‍റെ ഒരു പുതിയ ചിത്രം വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ആരംഭിക്കുന്നതിന് മുന്‍പ് ഹിന്ദിയില്‍ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം ഉണ്ടായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
സെയ്ഫ് അലി ഖാനെ നായകനാക്കി പ്രിയദര്‍ശന്‍ മറ്റൊരു ചിത്രം ഹിന്ദിയില്‍ ഒരുക്കാന്‍ ആലോചിക്കുന്നതായി ഹിന്ദി സിനിമാവൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂലൈയില്‍ ആരംഭിച്ച് 40 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നും സെയ്ഫ് അലി ഖാന്‍റെ കഥാപാത്രം കാഴ്ചാ പരിമിതിയുള്ള ആളാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇതോടെ വരാനിരിക്കുന്നത് പ്രിയദര്‍ശന്‍റെ തന്നെ മലയാള ചിത്രം ഒപ്പത്തിന്‍റെ റീമേക്ക് ആയിരിക്കുമോ പുതിയ ചിത്രമെന്ന സംശയം സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ ഉന്നയിക്കുന്നുണ്ട്. ഇതും ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു.
പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2016 ല്‍ പുറത്തെത്തിയ ഒപ്പത്തില്‍ കാഴ്ചാ പരിമിതിയുള്ള ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനവും കൈയടി നേടിയിരുന്നു. അതേസമയം അക്ഷയ് കുമാര്‍ നായകനാവുന്ന പ്രിയദര്‍ശന്‍ ചിത്രം ഫാന്‍റസി കോമഡി ഗണത്തില്‍ പെടുന്നതാണെന്നാണ് റിപ്പോര്‍ട്ട്. 14 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്.