മോഹന്‍ലാലിന് ശേഷം അക്ഷയ് കുമാർ, 14 വർഷത്തിന് ശേഷം ഹിറ്റ് കോമ്പോ; പ്രിയദര്‍ശൻ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു
മോഷന്‍ പോസ്റ്ററിനൊപ്പമാണ് പേര് സഹിതം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് കോമ്പിനേഷന്‍ ആയിരുന്ന പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നു. ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. അക്ഷയ് കുമാറിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും. അതുപോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
മോഷന്‍ പോസ്റ്ററിനൊപ്പമാണ് പേര് സഹിതം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂത് ബംഗ്ല എന്നാണ് ചിത്രത്തിന്‍റെ പേര്. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 2025 ല്‍ പ്രദര്‍ശനത്തിനെത്തും. രാത്രി ഒരു പഴയ ബംഗ്ലാവിന് മുന്നില്‍ നില്‍ക്കുന്ന അക്ഷയ് കുമാര്‍ കഥാപാത്രമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. കോട്ട് ധരിച്ച് നില്‍ക്കുന്ന അക്ഷയ്‍യുടെ കൈയില്‍ ഒരു പാല്‍ പാത്രമുണ്ട്. തോളില്‍ ഒരു കരിമ്പൂച്ചയും.
ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ഈ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കിയാര അദ്വാനി, അലിയ ഭട്ട് തുടങ്ങിയവര്‍ അക്ഷയ് കുമാറിനൊപ്പം എത്തിയേക്കാമെന്നും. 2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം. അതേസമയം തുടര്‍ പരാജയങ്ങളുടെ ക്ഷീണത്തിലാണ് അക്ഷയ് കുമാര്‍. ഹിറ്റ് കോമ്പോ ആയിരുന്ന പ്രിയദര്‍ശനൊപ്പം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
എംടിയുടെ രചനകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സിരീസില്‍ രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍റേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. മോഹന്‍ലാല്‍ നായകനായ ഓളവും തീരവും ബിജു മേനോന്‍ നായകനായ ശിലാ ലിഖിതങ്ങളുമാണ് പ്രിയന്‍ സംവിധാനം ചെയ്തത്.
ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ പാട്ടെത്തി