മോഹന്‍ലാലിനു ശേഷം പൃഥ്വിരാജ് നായകനാക്കുക ഈ താരത്തെ? റിപ്പോര്‍ട്ടുകള്‍
ഇത് സൂര്യയുടെ കരിയറിലെ 43-ാം ചിത്രം ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍
രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും അവയിലൂടെ മലയാളത്തിലെ യുവനിര സംവിധായകരില്‍ പ്രതീക്ഷ പകരുന്നവരുടെ നിരയിലേക്ക് എത്താന്‍ സാധിച്ചിട്ടുണ്ട് പൃഥ്വിരാജ് സുകുമാരന്. അദ്ദേഹം സംവിധാനം ചെയ്ത് പുറത്തെത്തിയ രണ്ട് ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു, അതും ടൈറ്റില്‍ വേഷങ്ങളില്‍. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറും ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ബ്രോ ഡാഡിയും. ലൂസിഫറിന്‍റെ തുടര്‍ച്ചയായ എമ്പുരാന്‍, കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ നിര്‍മ്മാണത്തിലെത്തുന്ന ടൈസണ്‍ എന്നിവയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളായി ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ടൈസണില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പൃഥ്വിരാജ് ആണ്. ഇപ്പോഴിതാ അദ്ദേഹം മറ്റൊരു ചിത്രവും സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്.
തമിഴ് താരം സൂര്യ നായകനാവുന്ന ഒരു ചിത്രം സംവിധാനം ചെയ്യുക പൃഥ്വിരാജ് ആയിരിക്കുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്. ബിസ്കറ്റ് കിംഗ് എന്ന് അറിയപ്പെട്ട വ്യവസായി രാജന്‍ പിള്ളയുടെ ജീവചരിത്ര ചിത്രം ആയിരിക്കും ഇതെന്നും രാജന്‍ പിള്ളയായി സ്ക്രീനില്‍ എത്തുക സൂര്യ ആയിരിക്കുമെന്നും ചില ട്രേഡ് അനലിസ്റ്റുകളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് സൂര്യയുടെ കരിയറിലെ 43-ാം ചിത്രം ആയിരിക്കുമെന്നും അനലിസ്റ്റുകള്‍ പറയുന്നുണ്ട്. അതേസമയം ഇത്തരത്തില്‍ ഒരു പ്രോജക്റ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തെത്തിയിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍. സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം താനും ഭാര്യ സുപ്രിയയും സമയം ചിലവഴിച്ചതിന്‍റെ ചിത്രം കഴിഞ്ഞ മാസം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
അതേസമയം രാജന്‍ പിള്ളയുടെ ജീവിതം പറയുന്ന ഒരു ഹിന്ദി വെബ് സിരീസ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് 2021 ല്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റഅ സംബന്ധിച്ച് തുടര്‍ വിവരങ്ങളൊന്നും എത്തിയിരുന്നില്ല.
ALSO READ : 'മാരുതി ഓടിച്ച് ആറാം തമ്പുരാനെ കാണാന്‍ പോയ മമ്മൂട്ടി'; സത്യന്‍ അന്തിക്കാട് പറയുന്നു