മുംബൈയില്‍ 30 കോടിയുടെ ഫ്ലാറ്റ് വാങ്ങി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്
2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ്
മുംബൈയില്‍ 30 കോടി വില വരുന്ന ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ നരെയ്ന്‍ ടെറേസസിലാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്ന ഫ്ലാറ്റ്. ഇതൊരു ഡ്യൂപ്ലെക്സ് അപ്പാര്‍ട്ട്മെന്‍റ് (രണ്ട് വീടുകള്‍ ചേര്‍ന്നത്) ആണെന്നും പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ പേരിലാണ് വാങ്ങലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
30.6 കോടിയാണ് പ്രസ്തുത ഫ്ലാറ്റിന്‍റെ വിലയെന്ന് സ്ക്വയര്‍ ഫീറ്റ് ഇന്ത്യയുടെ സ്ഥാപകന്‍ വരുണ്‍ സിംഗ് പറയുന്നു. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റിന് നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവുമുണ്ട്. സെപ്റ്റംബര്‍ 12 നാണ് ഇത് സംബന്ധിച്ച കരാര്‍ ആയത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 1.84 കോടിയും രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ 30000 രൂപയുമാണ് അടച്ചിരിക്കുന്നത്. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പൃഥ്വിരാജിന്‍റെ തീരുമാനത്തിന്‍റെ ഭാഗമാണോ ഇത് എന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളിലെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍.
2012 ല്‍ അയ്യ എന്ന ചിത്രത്തിലൂടെ ആയിരുന്നു പൃഥ്വിരാജിന്‍റെ ബോളിവുഡ് അരങ്ങേറ്റം. സച്ചിന്‍ കുണ്‍ഡാല്‍ക്കര്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വര്‍ഷമായിരുന്നു പൃഥ്വിരാജിന്‍റെ രണ്ടാമത്തെ ഹിന്ദി ചിത്രം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രതിനായകനായിരുന്നു പൃഥ്വിരാജ്. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം എത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സലാറും പൃഥ്വിരാജിന് വലിയ മൈലേജ് നേടിക്കൊടുത്ത ചിത്രമാണ്. പ്രഭാസിനൊപ്പം ഒരു മുഖ്യ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്.