'ഭയങ്കര ചലഞ്ചിംഗ് സിനിമ'; ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റിനെക്കുറിച്ച് പൃഥ്വിരാജ്
"അതിന്‍റെ വിഷയം എന്താണെന്ന് അറിയാം. അതുകൊണ്ട് പറയുകയാണ്"
മലയാള സിനിമയില്‍ നിന്നുള്ള പുതിയ പ്രഖ്യാപനങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ഒന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒക്ടോബര്‍ 25 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഈ പ്രോജക്റ്റിനെക്കുറിച്ച് മറ്റു വിശദാംശങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ പല വിവരങ്ങളും ആരാധകരാല്‍ പ്രചരിക്കുന്നുണ്ട് താനും. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച് തനിക്കുള്ള ആവേശം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. താന്‍ നായകനാവുന്ന പുതിയ ചിത്രം കാപ്പയുടെ പ്രൊമോഷണല്‍ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലാലേട്ടനെ വച്ച് ലിജോ ചെയ്യുന്ന സിനിമ ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമ തന്നെയാണ്. അതിന്‍റെ വിഷയം എന്താണെന്ന് അറിയാം. അതുകൊണ്ട് പറയുകയാണ്. ആ സിനിമ കാണാന്‍ ഞാന്‍ അങ്ങേയറ്റം എക്സൈറ്റഡ് ആണ്. ഒരു ലാലേട്ടന്‍ ഫാന്‍ ആണെങ്കില്‍പ്പോലും ആ സിനിമയെ സംബന്ധിച്ച് എന്‍റെ ഏറ്റവും വലിയ ആവേശം അത് ലിജോയുടെ സിനിമ എന്നതു തന്നെയാണ്. ലിജോയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ഒരു പുതുമ കൊണ്ടുവരാന്‍ ലാലേട്ടനും ശ്രമിക്കുമെന്ന് ഞാന്‍ കരുതുന്നു. ഭയങ്കര ചലഞ്ചിംഗ് സിനിമയാണ് അത്. പുറത്ത് എത്രത്തോളം അതിനെക്കുറിച്ച് അറിയാമെന്ന് എനിക്കറിയില്ല. ഒരു വലിയ സിനിമയാണ് അത്. രാജസ്ഥാനിലാണ് ഫുള്‍ ഷൂട്ട് ചെയ്യുന്നത്, പൃഥ്വിരാജ് പറഞ്ഞു.
അതേസമയം ജനുവരിയില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജീത്തു ജോസഫിന്‍റെ റാം പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം ഇതായിരിക്കുമെന്നും.