'മിസ് ചെയ്യരുത് ഈ അനുഭവം'; 'കെജിഎഫ് 2'നു ശേഷം മറ്റൊരു കന്നഡ ചിത്രം കൂടി കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ്
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച കാന്താരാ എന്ന ചിത്രമാണ് പൃഥ്വി കേരളത്തില്‍ എത്തിക്കുന്നത്
അഭിനയം, സംവിധാനം, നിര്‍മ്മാണം എന്നതിനൊപ്പം ചലച്ചിത്ര വിതരണത്തിലും സജീവമാണ് പൃഥ്വിരാജ്. കെജിഎഫ് 2 പോലെ പല പ്രധാന ഇതരഭാഷാ ചിത്രങ്ങളും കേരളത്തില്‍ വിതരണം ചെയ്‍തിട്ടുണ്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. ഇപ്പോഴിതാ കന്നഡയില്‍ നിന്ന് സമീപകാലത്ത് ശ്രദ്ധ നേടിയ മറ്റൊരു ചിത്രം കൂടി കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച കാന്താരാ എന്ന ചിത്രമാണ് പൃഥ്വി കേരളത്തില്‍ എത്തിക്കുന്നത്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തു. മലയാളം പതിപ്പിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ 30 ന് ആണ് കന്നഡ പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്.
19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.