എത്തിയത് 22 തിയറ്ററുകളില്‍; റീ-റിലീസില്‍ വര്‍ക്ക് ആവുമോ 'പ്രേമം'? തമിഴ്നാട്ടിലെ ആദ്യദിന പ്രതികരണങ്ങള്‍ ഇങ്ങനെ
തിരുനെല്‍വേലി, തിരുപ്പൂര്‍, ചെന്നൈ, മധുര എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റീ റിലീസ് ഉണ്ട്
പ്രേമമെന്ന സിനിമ മലയാളികളെപ്പോലെതന്നെ അല്ലെങ്കില്‍ അതിലുമേറെ ഇഷ്ടപ്പെട്ടവരാണ് തമിഴ്നാട്ടുകാര്‍. തിയറ്ററുകളില്‍ നിറഞ്ഞോടിയ സമയത്ത് അവര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ വരെ നടത്തി- ഇത് തമിഴില്‍ റീമേക്ക് ചെയ്യരുത്. ഞങ്ങള്‍ക്ക് മലയാളം ഒറിജിനല്‍ പോതും. ഇപ്പോഴിതാ നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രേമം തമിഴ്നാട്ടില്‍ ഇന്ന് റീ റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്.
തമിഴ്നാട്ടില്‍ എമ്പാടുമായി 22 തിയറ്ററുകളിലാണ് ഈ അല്‍ഫോന്‍സ് പുത്രന്‍- നിവിന്‍ പോളി ചിത്രം എത്തിയിരിക്കുന്നത്. തിരുനെല്‍വേലി, തിരുപ്പൂര്‍, ചെന്നൈ, മധുര, ഡിണ്ടിഗുള്‍, തൂത്തുക്കുടി, കാവല്‍ക്കിണര്‍, ട്രിച്ചി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റീ റിലീസ് ഉണ്ട്. ചെന്നൈയില്‍ മാത്രം ചിത്രത്തിന് 11 സ്ക്രീനുകള്‍ ഉണ്ട്. റീ റിലീസ് തിയറ്ററുകളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ആദ്യദിനം പല സെന്‍ററുകള്‍ക്കും ഹൗസ് ഫുള്‍ ഷോകള്‍ ലഭിച്ചിട്ടുണ്ട്. യുട്യൂബിലൂടെ ചില തിയറ്ററുകളില്‍ നിന്നുള്ള പ്രേക്ഷക പ്രതികരണങ്ങളും എത്തിയിട്ടുണ്ട്.
ഒന്‍പത് വര്‍ഷം മുന്‍പുള്ള റിലീസിംഗ് സമയത്ത് ചെന്നൈയിലെ ഒരു തിയറ്ററില്‍ 200 ദിവസത്തിലധികം ഓടിയ ചിത്രമാണ് പ്രേമം. അതേസമയം ചിത്രം ഇതുവരെ ബിഗ് സ്ക്രീനില്‍ കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഇപ്പോഴുമുണ്ട്. അവരെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ റീ റിലീസ്. ചിത്രം ടിവിയില്‍ കണ്ട് ആരാധകരായി മാറിയ പ്രേക്ഷകരില്‍ ഒരു വിഭാഗം റീ റിലീസിന്‍റെ ആദ്യ ദിവസം തന്നെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. പ്രിയ ചിത്രം ബിഗ് സ്ക്രീനില്‍ കാണാനായതിന്‍റെ സന്തോഷവും അവര്‍ പങ്കുവെക്കുന്നുണ്ട്.
നിവിന്‍ പോളിയുടെയും അല്‍ഫോന്‍സ് പുത്രന്‍റെയും സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു പ്രേമം. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ പ്ലേ ലിസ്റ്റില്‍ ഉണ്ട്.
ALSO READ : മുകേഷ്, ഉര്‍വ്വശി, ധ്യാന്‍, ഷൈന്‍; 'അയ്യർ ഇൻ അറേബ്യ' നാളെ മുതല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം