'പ്രേമലു' എഫക്റ്റ്; ചെന്നൈയിലെ മാളില്‍ മമിത ബൈജുവിനെ പൊതിഞ്ഞ് ജനക്കൂട്ടം: വീഡിയോ
ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മമിത അവിടെ എത്തിയത്
മലയാള സിനിമ മറുഭാഷാ പ്രേക്ഷകരിലേക്കും കാര്യമായി എത്തുന്നത് ഇവിടുത്തെ താരങ്ങള്‍ക്കും വലിയ ബ്രേക്ക് ആണ് നേടിക്കൊടുക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് കഴിഞ്ഞാല്‍ സമീപകാലത്ത് കേരളത്തിന് പുറത്തും ചര്‍ച്ചയായ സിനിമയായിരുന്നു പ്രേമലു. ചിത്രം വന്‍ വിജയം ആയതിന് പിന്നാലെ തെലുങ്ക്, തമിഴ് പതിപ്പുകളും തിയറ്ററുകളിലെത്തുകയും പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേമലു താരം മമിത ബൈജുവിന്‍റെ ചെന്നൈയില്‍ നിന്നുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
ചെന്നൈയിലെ വിആര്‍ മാളില്‍ നിന്നുള്ളതാണ് വീഡിയോസ്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മമിത അവിടെ എത്തിയത്. പ്രേമലുവിലൂടെ തങ്ങളുടെ മനം കവര്‍ന്ന പ്രിയതാരത്തെ കാണാന്‍ തിക്കിത്തിരക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം. ഏറെ പണിപ്പെട്ടാണ് സംഘാടകര്‍ മമിതയെ ചടങ്ങ് കഴിഞ്ഞ് പുറത്ത് എത്തിക്കുന്നത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രേമലു 2 നെക്കുറിച്ചും മമിതയോട് ചോദിക്കുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളൂവെന്നും പ്രീ പ്രൊഡക്ഷന്‍ നടക്കുന്നുണ്ടെന്നുമാണ് മമിതയുടെ പ്രതികരണം.
മമിതയുടെ തമിഴ് സിനിമാ അരങ്ങേറ്റം ഈ വര്‍ഷമായിരുന്നു. പ്രേമലുവിന് പിന്നാലെ തിയറ്ററുകളില്‍ എത്തിയ റിബല്‍ ആയിരുന്നു അത്. ജി വി പ്രകാശ് കുമാര്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. തമിഴില്‍ മമിതയുടെ ചിത്രങ്ങള്‍ ഇനിയും വരാനുണ്ട്. സംവിധായകനായും നടനായും തിളങ്ങിയ പ്രദീപ് രംഗനാഥന്‍ നായകനാവുന്ന ചിത്രമാണ് അതില്‍ ഒന്ന്. കീര്‍ത്തീശ്വരനാണ് പ്രദീപ് രംഗനാഥനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന പ്രദീപ് രംഗനാഥന്‍റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. തമിഴില്‍ മറ്റൊരു ചിത്രവും മമിതയുടേതായി വരാനുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.