ദേവാംഗിയെ പേര് വിളിച്ച് ചേര്‍ത്തുപിടിച്ച് 'ചന്ദനമഴ'യിലെ 'അഭിഷേക്'
പ്രതീഷ് നന്ദന്റെ മകള്‍ ദേവാംഗിയുടെ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍.
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഒരു താരമാണ് പ്രതീഷ് നന്ദന്‍. സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രതീഷിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതീഷ് നന്ദൻ സിനിമ സീരിയല്‍ രംഗത്തേക്ക് എത്തുന്നത് ആങ്കറായി ശ്രദ്ധയാകര്‍ഷിച്ചതിന് പിന്നാലെയാണ്. 'കുങ്കുമപ്പൂവി'ലെ 'പ്രൊഫസര്‍ ജയന്തി'യുടെ മകനായും, 'ചന്ദനമഴ'യിലെ അഭിഷേകായും സ്‌ക്രീനില്‍ തിളങ്ങിയ പ്രതീഷ് നന്ദൻ താൻ രണ്ടാമതും അച്ഛനായതിന്റെ സന്തോഷമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഇത്രനാള്‍ ഒരു വിശേഷവും പുറത്തുവിടാതെ, പെട്ടെന്ന് കുഞ്ഞിന്റെ പേരുവിളിയും നൂലുകെട്ടും നടത്തുന്നതിന്റെ അതിശയത്തിലാണ് പ്രതീഷ് നന്ദന്റെ ആരാധകര്‍. രണ്ടാമത്തെ കുഞ്ഞിന് ദേവാംഗിയെന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞനുജത്തിയെ കിട്ടിയ സന്തോഷം താരത്തിന്റെ മകന്‍ ദേവപ്രതീകിന്റെ മുഖത്തും കാണാം. മകന്‍ ദേവപ്രതീകിന് പതിമൂന്ന് വയസ്സുണ്ട്.
പ്രതീഷ് നന്ദൻ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായാണ് തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്. മുണ്ടും മേല്‍മുണ്ടുമണിഞ്ഞ് ഹിന്ദു ആചാരപ്രകാരം കുഞ്ഞിനെ മടിയിലിരുത്തി ഒരു ചെവി വെറ്റിലകൊണ്ട് ചേര്‍ത്തുപിടിച്ച് മകളെ പേര് വിളിക്കുന്ന പ്രതീഷ് നന്ദന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒട്ടേറെ പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. എന്തായാലും പ്രതീഷ് നന്ദന്റെ കുഞ്ഞിന്റെ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയാണ്.
പ്രതീഷ് നന്ദൻ കിരണ്‍ ടിവിയില്‍ ആദ്യം അവതാരകനായിരുന്നു. ടെലിവിഷനിലെ ഹിറ്റ് പരമ്പരകളായ 'കുങ്കുമപ്പൂവി'ലും, 'ചന്ദനമഴ'യിലും പ്രതീഷ് അവതരിപ്പിച്ച മനോഹരമായ വേഷങ്ങള്‍ തന്നെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് വര്‍ഷങ്ങളായിട്ടും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാനുള്ള കാരണം. മലയാളത്തിലെ രണ്ട് സൂപ്പര്‍ഹിറ്റായ പരമ്പരകളുടെ ഭാഗമായ പ്രതീഷ് നന്ദൻ ഇപ്പോള്‍ സൂര്യാ ടിവിയില്‍ കണ്ടന്റ് ക്രിയേറ്ററാണ്. 'വീരപുത്രന്‍', 'ധന്യം' തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ട പ്രതീഷ് നന്ദന്റെ ഭാര്യ ദേവജ വിദേശത്ത് നഴ്‌സാണ്.
Read More: 'അഭിമാനം', വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ
'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥുമായുള്ള അഭിമുഖം