Hridyam Song : 'ഹൃദയ'ത്തിലെ ഏഴ് പാട്ടുകള്‍ ഇതാ, വിനീത് ശ്രീനിവാസൻ പാടിയ ഗാനവും പുറത്തുവിട്ടു
'ഹൃദയം' എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ജ്യൂക്ക്ബോക്സ് ആദ്യ ഭാഗം പുറത്തുവിട്ടു.
വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമാണ് 'ഹൃദയം' (Hridayam). പാട്ടുകള്‍ കൊണ്ട് സമ്പന്നമായ ചിത്രവുമാണ് പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനായ 'ഹൃദയം'. 'ഹൃദയം' എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവന്ന ഗാനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഓഡിയോ ജ്യൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ്.
ഇതുവരെ പുറത്തുവിട്ട ഗാനങ്ങള്‍ക്ക് പുറമേ ചില പാട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓഡിയോ ജ്യൂക്ക്ബോക്സ് ആദ്യ ഭാഗം പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്റെ ചിത്രത്തിനായി കൈതപ്രത്തിന്റെ രചനയില്‍ പാടിയ 'മനസ്സേ മനസ്സേ..', കൈതപ്രത്തിന്റെ രചനയില്‍ കെ എസ് ചിത്ര പാടിയ ഒറ്റയ്‍ക്ക് പാടിയ 'മുകിലിന്റെ..', മുഹമ്മദ് മഖ്‍ബൂല്‍ മൻസൂര്‍, സച്ചിൻ വാര്യര്‍, ഹേഷം എന്നിവരുമായി ചേര്‍ന്ന് പാടിയ 'മിന്നല്‍ക്കൊടി..' എന്നീ ഗാനങ്ങളുമായി പുതുതായി പുറത്തുവിട്ടത്. 'ദര്‍ശന..', 'തക തൈ താരെ..' തുടങ്ങിയ ഹൃദയത്തിലെ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹേഷമാണ് 'ഹൃദയം' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ വൻ ഹിറ്റായതിനാല്‍ ആകാംക്ഷയോടെയാണ് റിലീസിന് എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.