ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പരാമര്‍ശം :നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു
ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
തിരുവനന്തപുരം: ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി അറിയിച്ചു.
ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് പ്രകാശ് രാജിനെതിരെ ചില സംഘടനകള്‍ പരാതിയുമായി എത്തിയത്.
എന്നാൽ ചന്ദ്രനിൽപ്പോയാലും അവിടെ ചായക്കടയുമായി ഒരു മലയാളിയുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു തന്നെ വിമർശിക്കുന്നവർ ഏത് 'ചായ്‍വാല'യെ ആണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
പ്രകാശ് രാജിന്‍റെ പോസ്റ്റ് ലജ്ജാകരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഐഎസ്ആര്‍ഒ മുന്‍മേധാവിയും അടക്കം പ്രകാശ് രാജിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെതിരെ രംഗത്ത് എത്തിയിരുന്നു.
അതേസമയം, രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ലാൻഡറിലെ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ഇസ്രൊ വിലയിരുത്തി. മറ്റൊരു രാജ്യത്തിനും ഇറങ്ങാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇന്ത്യൻ ദൗത്യത്തിന്റെ ലക്ഷ്യം ആഗസ്റ്റ് 23ന് വൈകിട്ട് 5.45 നാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് ഇസ്രൊ അറിയിപ്പ്.
'അവർ ഏത് ചായ് വാലയെ ആണ് കണ്ടത്?', ഞാൻ ഉദ്ദേശിച്ചത് ഇതാണ്, വിശദീകരണവുമായി പ്രകാശ് രാജ്!
'ആദ്യചിത്രം ചായ അടിക്കുന്നയാൾ', ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജ്