കല്‍ക്കി 2898 എഡിക്കും നേട്ടം, ടിക്കറ്റ് വിലയില്‍ വര്‍ദ്ധന
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയ്‍ക്ക് വൻ നേട്ടം.
കല്‍ക്കി 2898 എഡി പ്രഭാസ് ചിത്രമായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കല്‍ക്കി 2898 എഡി സിനിമയുടെ ടിക്കറ്റ് വില ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് രണ്ട് ആഴ്‍ച വര്‍ദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുവദിച്ചു. വൈസിപി സര്‍ക്കാര്‍ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുന്നത് നേരത്തെ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയപ്പോള്‍ ടിക്കറ്റ് വില വര്‍ദ്ധിപ്പിക്കുന്നത് വീണ്ടും അനുവദിക്കുകയായിരുന്നു.
എഴുപത്തിയഞ്ച് രൂപയാണ് ആന്ധ്രയില്‍ സിംഗിള്‍ സ്ക്രീനില്‍ വര്‍ദ്ധിപ്പിക്കുന്നത്. മള്‍ട്ടിപ്ലക്സിലാകട്ടെ 100 രൂപയും ആണ് ടിക്കറ്റ് വിലയില്‍ വര്‍ദ്ധിപ്പിക്കുക. മള്‍ട്ടിപ്ലക്സില്‍ ഇനി 399 രൂപയാകും ടിക്കറ്റ് വില. ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചത് സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കും.
കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ സൂചിപ്പിച്ചതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതിനാല്‍ പ്രതീക്ഷകളേറെയാണ്. ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.
Read More: വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണം അസര്‍ബെയ്‍ജാനില്‍, വീഡിയോ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക