സലാര്‍ റിലീസ് മാറ്റിയത് ജവാനെ പേടിച്ചോ? ചര്‍ച്ച മുറുകുന്നു, പക്ഷെ കാര്യം ഇതാണ്.!
ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സെപ്തംബര്‍ 7നാണ് ലോകമെങ്ങും റിലീസാകുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. പ്രീബുക്കിംഗില്‍ അടക്കം വലിയ കുതിപ്പ് ഉണ്ടാക്കിയ ചിത്രം പൊസറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരു മാസത്തോളം തീയറ്റര്‍ അടക്കി വാഴും എന്നാണ് സിനിമ ലോകത്തെ സംസാരം.
ഹൈദരാബാദ് : ഇന്ത്യന്‍ സിനിമയിലെ വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു രണ്ട് ഭാഗമായി ഇറങ്ങിയ കെജിഎഫ്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ അതിന് ശേഷം ഒരുക്കുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ് സലാര്‍. സലാറിന്‍റെ ഒന്നാം ഭാഗം, സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ സെപ്തംബര്‍ 28ന് റിലീസാകും എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം എത്തിയത്.
പ്രഭാസ് നായകനാകുന്ന സലാറിന്‍റെ ആദ്യഭാഗം നവംബറില്‍ ആയിരിക്കും ഇറങ്ങുക എന്നാണ് വിവരം. മിക്കവാറും ദീപാവലി റിലീസായിട്ടായിരിക്കും ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രമോഷനുകള്‍ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്ന റിപ്പോര്‍ട്ടില്‍ ഔദ്യോഗികമായി നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ട്രേഡ് അനലിസ്റ്റുകള്‍ ഇത് സ്ഥിരീകരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സലാര്‍ റിലീസ് നീട്ടിവച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ചര്‍ച്ചകളാണ് നടക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച ജവാനുമായി ബന്ധപ്പെട്ടാണ്. ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സെപ്തംബര്‍ 7നാണ് ലോകമെങ്ങും റിലീസാകുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. പ്രീബുക്കിംഗില്‍ അടക്കം വലിയ കുതിപ്പ് ഉണ്ടാക്കിയ ചിത്രം പൊസറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരു മാസത്തോളം തീയറ്റര്‍ അടക്കി വാഴും എന്നാണ് സിനിമ ലോകത്തെ സംസാരം.
അതിനാല്‍ ഈ മാസം സലാറിന്‍റെ ഒന്നാം ഭാഗം ഇറക്കിയാല്‍ അത് പിഴവാകും എന്ന് കരുതിയാണ് സലാര്‍ റിലീസ് മാറ്റിയത് എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. ജവാന്‍ തന്നെ കഴിഞ്ഞ ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ്. പക്ഷെ പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം ഇത്തരം സോഷ്യല്‍ മീഡിയ അഭ്യൂഹങ്ങളെ തള്ളുന്നതാണ് സലാര്‍ അണിയറക്കാരെ ഉദ്ധരിച്ച് ചില ഫിലിം ന്യൂസ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.
പ്രധാനമായും സലാറിന്‍റെ പല പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാകാത്തതാണ് റിലീസ് മാറ്റിവയ്ക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. പല ഗ്രാഫിക്സ് ജോലികളും അവസാനഘട്ടത്തിലാണ്. ഇനിയും 30 ദിവസത്തിലേറെ ആവശ്യമാണ് ഈ ജോലികള്‍ക്ക് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ സെപ്തംബര്‍ 28 എന്ന റിലീസ് തീയതി സംവിധായകനും നിര്‍മ്മാതാക്കളും ആലോചിച്ച് മാറ്റുകയായിരുന്നു.
അതേ സമയം നവംബര്‍ ദീപാവലി സീസണ്‍ റിലീസും സലാര്‍ പാര്‍ട്ട് 1ന് വലിയ വെല്ലുവിളി ആയേക്കാം എന്നാണ് വിവരം. കാരണം ഹിന്ദിയിലെ മറ്റൊരു വലിയ ചിത്രമായ ടൈഗര്‍ 3 ആ സമയത്താണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു വലിയ ബോക്സോഫീസ് ക്ലാഷ് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് സിനിമ രംഗത്തെ സംസാരം. പക്ഷെ പ്രശാന്ത് നീലിന് ഇത്തരം ക്ലാഷ് ഒരു പ്രശ്നമല്ല. കെജിഎഫ് 2 ഇറങ്ങിയ സമയത്ത് തന്നെയാണ് വിജയ് നായകനായ ബീസ്റ്റും ഇറങ്ങിയത്. അന്ന് സംഭവിച്ചത് കെജിഎഫ് 2 ജൈത്രയാത്രയായിരുന്നു.
എന്തായാലും സലാറിന്‍റെ റിലീസ് തീയതി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നു എന്നത് പുറത്തുവന്ന വാര്‍ത്തയാണ്. അത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാന്‍ ബാക്കിയുള്ളതിനാലാണ് എന്നാണ് വിവരം. തിരക്കിട്ട് റിലീസ് വേണ്ടെന്നാണ് ചിത്രത്തിലെ നായകനായ പ്രഭാസിന്‍റെ അഭിപ്രായം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒപ്പം ചില വിഭാഗങ്ങളില്‍ ജോലികള്‍ പുരോഗമിക്കാത്തതില്‍ സംവിധായകന്‍ പ്രശാന്ത് നീലിനും അതൃപ്തിയുണ്ടെന്നാണ് വിവരം.
ശ്രുതി ഹാസനാണ് സലാറില്‍ നായികയാകുന്നത്. 'കെജിഎഫ്', കാന്താര എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്‍റെ വിജയ് കിരംഗന്ദുറാണ് 'സലാര്‍' നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
വിജയ് ദേവരകൊണ്ട സാമന്ത ജോഡി ഹിറ്റായോ?; രണ്ടാം ദിവസത്തെ ഖുഷിയുടെ കളക്ഷന്‍ കണക്കുകള്‍.!