അലസനെന്ന് പരിഹസിച്ചവര്‍ക്ക് നിശബ്‍ദരാവാം; 'സലാറി'ല്‍ കാണാം ആ പഴയ പ്രഭാസിനെ
കന്നഡ സിനിമയിലെ സ്വപ്ന വിജയമായിരുന്ന കെജിഎഫിന്‍റെ സംവിധായകനും നിര്‍മ്മാതാവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍
ഒറ്റ ചിത്രത്തിലൂടെ കരിയറില്‍ സ്വപ്‍ന സമാനമായ വളര്‍ച്ച നേടിയ മറ്റൊരു താരം പ്രഭാസിനെപ്പോലെ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരാളില്ല. എസ് എസ് രാജമൌലിയുടെ ബാഹുബലിയായിരുന്നു ആ ചിത്രം. ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് തെലുങ്ക് സിനിമയുടെ ചക്രവാളം വികസിപ്പിച്ച ചിത്രം പ്രഭാസിന് നല്‍കിയതും വന്‍ കരിയര്‍ ബ്രേക്ക് ആയിരുന്നു. എന്നാല്‍ ഈ വിസ്‍മയ വിജയം ഭാരിച്ച ഉത്തരവാദിത്തം കൂടിയാണ് ഈ നടനില്‍ സൃഷ്ടിച്ചത്. ഇനി നായകനാവുന്ന എല്ലാ ചിത്രങ്ങളും ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ ശ്രദ്ധിക്കും എന്നതായിരുന്നു പ്രധാന വെല്ലുവിളി. ബാഹുബലി ഫ്രാഞ്ചൈസിക്ക് ശേഷമുള്ള പ്രഭാസ് ചിത്രങ്ങളൊക്കെ വന്‍ പബ്ലിസിറ്റിയോടെയാണ് എത്തിയതെങ്കിലും അവയ്ക്കൊന്നും കാര്യമായ ചലനം ബോക്സ് ഓഫീസിലോ പ്രേക്ഷകരുടെ മനസിലോ ഉണ്ടാക്കാനായില്ല എന്നതാണ് സത്യം. ബാഹുബലിയില്‍ മികച്ച ശാരീരികക്ഷമതയോടെ കണ്ട പ്രഭാസിനെ പിന്നീട് അങ്ങനെ കണ്ടിട്ടില്ലെന്നത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.
വന്‍ വിജയം ഉന്മത്തനാക്കിയ പ്രഭാസ് അലസനായി മാറിയെന്നും തുടര്‍ പരാജയങ്ങളുടെ ഒരു കാരണം അതാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ പടര്‍ന്നു. സെറ്റുകളില്‍ നിന്നുള്ള പ്രഭാസിന്‍റെ ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. ഇയാള്‍ ഇനി പഴയ ഫോമിലേക്ക് എത്തില്ലെന്നുവരെ ചിലര്‍ എഴുതിത്തള്ളി. എന്നാല്‍ പ്രഭാസ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ് പുതിയ ചിത്രം സലാറില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സ്റ്റില്ലുകള്‍. വണ്ണം കുറച്ച്, ട്രിംഡ് ലുക്കില്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്ന പ്രഭാസിനെ ഈ ചിത്രങ്ങളില്‍ കാണാം. പ്രഭാസിന്‍റെ പിറന്നാളിനോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ഈ ചിത്രങ്ങള്‍ ആവേശത്തോടെയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പങ്കുവെക്കുന്നത്.
കന്നഡ സിനിമയിലെ സ്വപ്ന വിജയമായിരുന്ന കെജിഎഫിന്‍റെ സംവിധായകനും നിര്‍മ്മാതാവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാളെ ഫിലിംസ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. അടുത്തിടെ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഈ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.