പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ സലാര്‍ 2 എത്തും? പ്രഭാസ് വെളിപ്പെടുത്തുന്നു
2024 ലെ പ്ലാനുകളെക്കുറിച്ചുള്ള ചോദ്യത്തിനും പ്രഭാസിന്‍റെ മറുപടി
തെന്നിന്ത്യയില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ബാഹുബലി താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ആ ഹൈപ്പിന് കാരണം. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നതിനാല്‍ മലയാളികള്‍ക്ക് വലിയ കൗതുകമായിരുന്നു ഈ ചിത്രം. റിലീസിന് മുന്‍പ് തന്നെ രണ്ട് ഭാഗങ്ങളായി എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രവുമാണിത്. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്നാവും പ്രേക്ഷകര്‍ക്ക് കാണാനാവുക? പ്രഭാസ് തന്നെ അതിന് മറുപടി നല്‍കിയിട്ടുണ്ട് ഇപ്പോള്‍.
ചിത്രത്തിന്‍റെ കഥ ഇതിനകം തയ്യാറാണെന്നും ചിത്രീകരണം വേഗത്തില്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് തങ്ങളെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞു. "പ്രേക്ഷകരിലേക്ക് എത്രയും വേഗത്തില്‍ ചിത്രം എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്‍റെ ആരാധകരില്‍ പലരും സലാര്‍ 2 ന്‍റെ റിലീസിന് ആകാക്ഷയോടെ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ചിത്രം സംബന്ധിച്ച വിശദാംശങ്ങള്‍ ഞങ്ങള്‍ ഉടന്‍ പുറത്തുവിടും", പ്രഭാസ് പറയുന്നു.
2024 ലെ പ്ലാനുകളെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരത്തില്‍ പ്രത്യേക പ്ലാനുകളൊന്നുമില്ലെന്നും വിവിധ ഗണത്തില്‍ പെടുന്ന സിനിമകള്‍ ചെയ്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്താനാണ് തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. "ലോകത്തിലെ പരമാവധി ആളുകളെ വിനോദിപ്പിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിലെ എന്‍റെ ചിന്ത അതാണ്. എന്‍റെ അടുത്ത ചിത്രം ഒരു ഹൊറര്‍ ചിത്രമായിരിക്കും. സലാറിന് നല്‍കിയതുപോലെയുള്ള സ്നേഹം പ്രേക്ഷകര്‍ എന്‍റെ മുന്നോട്ടുള്ള ചിത്രങ്ങള്‍ക്കും നല്‍കുമെന്നാണ് എന്‍റെ പ്രതീക്ഷ", പ്രഭാസ് പറഞ്ഞവസാനിപ്പിക്കുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ 1 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിയിലേറെ കളക്റ്റ് ചെയ്തിരുന്നു. കെജിഎഫ് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം