'കരികാലനും' സംഘത്തിനും കേരളത്തിലും മുന്നേറ്റം; 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയത്
ലോകമാകെ വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്
തെന്നിന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് രാജ്യമെങ്ങും വന്‍ സ്വീകാര്യത ലഭിക്കുന്ന ട്രെന്‍ഡിന് തുടര്‍ച്ച തീര്‍ക്കുകയാണ് മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വനും. ആദ്യ രണ്ട് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ചിത്രത്തിന്‍റെ നേട്ടം 150 കോടിയിലേറെയാണെന്നാണ് കണക്കുകള്‍. റിലീസ് ദിനത്തിലെ ബോക്സ് ഓഫീസ് നേട്ടം 80 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരുന്നു. സമീപകാലത്ത് പല ഇതരഭാഷാ ചിത്രങ്ങള്‍ക്കും ലഭിച്ചതുപോലെ കേരളത്തിലും മികച്ച നേട്ടം കൊയ്യുകയാണ് ചിത്രം. ഇതിന്‍റെ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയത് 6.25 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 45 കോടിയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 10 കോടിയും കര്‍ണാടകത്തില്‍ നിന്ന് 8.25 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് മറ്റൊരു 6.5 കോടിയും. ഇതെല്ലാം ചേര്‍ത്ത് ആദ്യ രണ്ട് ദിനങ്ങളിലെ ഇന്ത്യന്‍ ബോക്സ് ഓഫീസ് ഗ്രോസ് 76 കോടി വരും.
അതേസമയം റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്ന് റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച ഒക്കുപ്പന്‍സിയോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. പൂജ അവധിദിനങ്ങള്‍ കൂടി വരുന്നതോടെ കളക്ഷനില്‍ ബഹുദൂരം മുന്നേറും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന ഉറപ്പ്.
രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.