ഇത്തവണയും പൊങ്കാല വീട്ടുമുറ്റത്ത്; കാരണം പറഞ്ഞ് ആനി

കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്

pongala is at home for annie with shaji kailas this time nsn

പൊങ്കാല ദിവസം മാധ്യമശ്രദ്ധയിലേക്ക് പതിവായി എത്തുന്ന ചില താര മുഖങ്ങള്‍ ഉണ്ട്. അതിലൊരാളാണ് ആനി. ഇക്കുറിയും പതിവിന് മുടക്കം വരുത്താതെ ആനി പൊങ്കാലയിട്ടു. പക്ഷേ വീട്ടുവളപ്പില്‍‌ ആണെന്ന് മാത്രം. ഒപ്പം ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസുമുണ്ട്. സിനിമയില്‍ നിന്ന് ലഭിച്ച ഇടവേള പ്രയോജനപ്പെടുത്തി പൊങ്കാല ദിവസം വീട്ടില്‍ എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

മുന്‍ വര്‍ഷങ്ങളില്‍ ക്ഷേത്ര പരിസരത്ത് പോയാണ് പൊങ്കാല ഇടാറ്. കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍ പൊങ്കാലയിട്ടു. അമ്മ മരണപ്പെട്ടതിനു ശേഷമുള്ള പൊങ്കാലയാണ് ഇത്തവണ. അമ്മയുടെ ഒരു സാന്നിധ്യം ഇവിടെയുണ്ട്. അതുകൊണ്ടാണ് ഇത്തവണ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ തീരുമാനിച്ചത്, ആനി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഹണ്ട് എന്ന സിനിമയുടെ ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു കൊച്ചിയില്‍. ഒരു ആറ് ദിവസം ഇടവേളയുണ്ട്. ആ സമയത്ത് കറക്റ്റ് ആയിട്ട് ഇവിടെ എത്തി. പൊങ്കാല കാണാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാത്തവണയും ദൂരെ പോയല്ലേ ഇടുന്നത്. ഇത്തവണ വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ അത് നേരില്‍ കണ്ട് സന്തോഷിക്കാമെന്ന് കരുതി, ഷാജി കൈലാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്. പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുട്പാത്തില്‍ അടുപ്പുകള്‍ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ്കമ്മീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.

ALSO READ : 'ബാല എല്ലാവരോടും സംസാരിച്ചു'; ആശുപത്രിയില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് നിര്‍മ്മാതാവ് ബാദുഷ

Latest Videos
Follow Us:
Download App:
  • android
  • ios