തിയറ്ററുകളിലെ പൊങ്കല്‍, സംക്രാന്തി ആര് നേടും? എത്തുന്നത് 8 ചിത്രങ്ങള്‍
സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ ഇല്ലാത്ത പൊങ്കല്‍ ആണ് തമിഴ് സിനിമയെ സംബന്ധിച്ച് ഇത്തവണത്തേത്
തെന്നിന്ത്യന്‍ സിനിമാലോകത്തെ സംബന്ധിച്ച് വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട റിലീസ് സീസണുകളില്‍ ഒന്നാണ് പൊങ്കല്‍/ സംക്രാന്തി. ജനുവരി രണ്ടാം വാരത്തോടെ എത്താറുള്ള ഈ സീസണ്‍ തമിഴ്നാട്ടില്‍ പൊങ്കല്‍ ആണെങ്കില്‍ തെലുങ്ക് സംസ്ഥാനങ്ങളെ സംബന്ധിച്ച് സംക്രാന്തി ആണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് റീച്ച് ഉള്ള ഇന്‍ഡസ്ട്രികള്‍ ആയതിനാല്‍ മറ്റ് ഭാഷകളിലെ സിനിമാപ്രേമികളെ സംബന്ധിച്ചും ആവേശം പകരുന്ന സീസണ്‍ ആണ് ഇത്. ഇത്തവണത്തെ പൊങ്കല്‍, സംക്രാന്തി സീസണില്‍ തിയറ്ററുകളിലെത്തുന്നത് ആകെ 8 ചിത്രങ്ങളാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ചേര്‍ത്തുള്ള കണക്കാണ് ഇത്.
സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ ഇല്ലാത്ത പൊങ്കല്‍ ആണ് തമിഴ് സിനിമയെ സംബന്ധിച്ച് ഇത്തവണത്തേത്. അതിനാല്‍ത്തന്നെ കൂടുതല്‍ വലിയ സിനിമകള്‍ തെലുങ്കില്‍ നിന്നാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചര്‍ ആണ്. 400 കോടി ബജറ്റില്‍ ഒരുങ്ങിയ പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. നന്ദമൂരി ബാലകൃഷ്ണയെ നായകനായി ബോബി കൊല്ലി സംവിധാനം ചെയ്ത ഡാകു മഹാരാജ് ആണ് തെലുങ്കിലെ രണ്ടാമത്തെ റിലീസ്. വെങ്കടേഷിനെ നായകനാക്കി അനില്‍ രവിപുഡി സംവിധാനം ചെയ്ത സംക്രാന്തികി വസ്തുനം ആണ് തെലുങ്കിലെ മൂന്നാമത്തെ സംക്രാന്തി റിലീസ്.
ബിഗ് ഹീറോസ് ഒഴിഞ്ഞുനില്‍ക്കുന്ന പൊങ്കല്‍ സീസണില്‍ തമിഴില്‍ നിന്ന് അഞ്ച് ചിത്രങ്ങളാണ് എത്തുന്നത്. ബാലയുടെ സംവിധാനത്തില്‍ അരുണ്‍ വിജയ് നായകനാവുന്ന വണങ്കാന്‍, കിരുതിഗ ഉദയനിധിയുടെ സംവിധാനത്തില്‍ ജയം രവി നായകനാവുന്ന കാതലിക്ക നേരമില്ലൈ, വാലി മോഹന്‍ദാസിന്‍റെ സംവിധാനത്തില്‍ ഷെയ്ന്‍ നിഗത്തിന്‍റെ സംവിധാന അരങ്ങേറ്റമായ മദ്രാസ്കാരന്‍, വിഷ്ണുവര്‍ധന്‍റെ സംവിധാനത്തില്‍ ആകാശ് മുരളി നായകനാവുന്ന നെസിപ്പയ, സുന്ദര്‍ സിയുടെ സംവിധാനത്തില്‍ വിശാല്‍ നായകനാവുന്ന മദഗജരാജ എന്നിവയാണ് തമിഴിലെ പൊങ്കല്‍ റിലീസുകള്‍.
ഇതില്‍ ഗെയിം ചേഞ്ചര്‍, വണങ്കാന്‍, മദ്രാസ്കാരന്‍ എന്നിവ 10 നാണ് എത്തുന്നത്. ഡാകു മഹാരാജ്, മദഗജരാജ എന്നിവ 12 നും സംക്രാന്തികി വസ്തുനം, കാതലിക്ക നൈരമില്ലൈ, നെസിപ്പയ എന്നിവ 14 നും തിയറ്ററുകളില്‍ എത്തും. ഇതില്‍ ഏതൊക്കെ ചിത്രങ്ങള്‍ വിജയിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും.
ALSO READ : 'മാളികപ്പുറം' ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; 'സുമതി വളവ്' ഫസ്റ്റ് ലുക്ക്