'ജയിലറി'ൽ വേഷം നൽകാമെന്ന് വാഗ്ദാനം; മോഡലിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ, കേസ്
കാസ്റ്റിംഗ് ഡയറക്ടർ എന്ന് പറഞ്ഞ് ഇവർ തന്നെ സമീപിച്ചുവെന്നും പിന്നാലെയാണ് പറ്റിക്കുക ആയിരുന്നുവെന്ന് മനസ്സിലാക്കിയതെന്നും സന്ന സൂരി നൽകിയ പരാതിയിൽ പറയുന്നു.
മുംബൈ: രജനീകാന്ത് നായകനായി എത്തുന്ന 'ജയിലറി'ൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്. മുംബൈയിലെ യുവ മോഡലും നടിയുമായ സന്ന സൂരിയാണ് തട്ടിപ്പിന് ഇരയായത്. ഇവരിൽ നിന്നും എട്ടര ലക്ഷം രൂപയും സംഘം തട്ടിയെടുത്തിട്ടുണ്ട്. സന്നയുടെ പരാതിയിൽ പീയുഷ് ജയ്ൻ, സമീർ ജയ്ൻ എന്നിവർക്ക് എതിരെ പൊലീസ് കേസെടുത്തു.
കാസ്റ്റിംഗ് ഡയറക്ടർ എന്ന് പറഞ്ഞ് ഇവർ തന്നെ സമീപിച്ചുവെന്നും പിന്നാലെയാണ് പറ്റിക്കുക ആയിരുന്നുവെന്ന് മനസ്സിലാക്കിയതെന്നും സന്ന സൂരി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് പ്രതികളായ പീയുഷ് ജയ്നും സമീർ ജയ്നും സമൂഹമാധ്യമങ്ങൾ വഴി സന്നയുമായി ബന്ധപ്പെടുന്നത്. പിന്നീട് ജയിലറിൽ നല്ലൊരു വേഷം ഉണ്ടെന്നും ഒഡിഷനായി തയ്യാറാകണമെന്നും അതിനായി പൊലീസ് വേഷത്തിലൊരു ഫോട്ടോ അയച്ചു തരണം എന്നും ആവശ്യപ്പെട്ടു. ശേഷം ഷൂട്ടിങ്ങിനായി പാരിസിൽ പോകാനുള്ള ചെലവിനായി എട്ടരലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. അതും സന്ന അയച്ചു കൊടുത്തു. ഈ സമയത്തൊന്നും തന്നെ പ്രതികളെ സന്ന നേരിട്ട് കണ്ടിരുന്നില്ല.
പിന്നാലെ നവംബറിൽ തട്ടിപ്പുകാർ നൽകിയ രജനീകാന്തിനൊപ്പം ഉള്ള പോസ്റ്റർ സന്ന സൂരി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തിൽ താൻ പൊലീസ് വേഷത്തിലാണെന്നും സന്ന അറിയിച്ചു. ഇത് ചില മാധ്യമങ്ങൾ വാർത്ത ആക്കുകയും ചെയ്തിരുന്നു. പിന്നീട് ജയിലറിന്റെ സഹസംവിധായകൻ ഈ പോസ്റ്റർ കാണുകയും സന്നയെ കോൺടാക്ട് ചെയ്ത് ഇത് വ്യാജമാണെന്ന് പറയുകയും ആയിരുന്നു. ഇതോടെയാണ് താൻ പറ്റിക്കപ്പെടുക ആയിരുന്നുവെന്ന് സന്ന അറിയുന്നത്. ശേഷമാണ് പൊലീസിൽ സന്ന പരാതിപ്പെടുന്നത്.
സ്പെയ്നില്‍ ചുറ്റിക്കറങ്ങി, പാട്ടുപാടിയും മരംകയറിയും പ്രണവ്; 'മടങ്ങി വരൂ..'എന്ന് ആരാധകർ
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.