കേരളത്തില്‍ വന്‍ സ്ക്രീന്‍ കൗണ്ടുമായി 'പോക്കിരി' റീ റിലീസ്
പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ചിത്രം
കേരളത്തില്‍ ഏറ്റവും ആരാധകരുള്ള തമിഴ് സിനിമാതാരം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. വിജയ് ആണ് അത്. ഇപ്പോഴിതാ വിജയ്‍യുടെ പിറന്നാള്‍ ദിനത്തിന് മുന്നോടിയായി റീ റിലീസ് ചെയ്യപ്പെടുന്ന പോക്കിരിക്ക് കേരളത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് ആണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി 74 തിയറ്ററുകളിലാണ് ചിത്രം എത്തുന്നത്. ഡിജിറ്റല്‍ റീമാസ്റ്ററിംഗിന് ശേഷം എത്തുന്ന ചിത്രത്തിന്‍റെ റീ റിലീസ് വെള്ളിയാഴ്ചയാണ്.
പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ചിത്രമാണ് പോക്കിരി. ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു വിജയ്‍യുടെ പോക്കിരി. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ എസ് സത്യമൂര്‍ത്തി എന്ന പൊലീസ് ഓഫീസറായി എത്തിയ ചിത്രം 2007 ജനുവരി 12 നാണ് എത്തിയത്. വന്‍ ജനപ്രീതി നേടിയ ചിത്രം തമിഴ്നാട്ടില്‍ നിരവധി തിയറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി തവണ ഇതിന് മുന്‍പും ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി.
റീ റിലീസുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണെങ്കിലും അത് ഏറ്റവുമധികം സംഭവിച്ചുകൊണ്ടിരിക്കുന്നത് തമിഴ് സിനിമയിലാണ്. അക്കൂട്ടത്തില്‍ റീ റിലീസുകളില്‍ റെക്കോര്‍ഡ് ഇട്ട ചിത്രമായിരുന്നു വിജയ് നായകനായ ഗില്ലി. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ റീ റിലീസില്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇപ്പോള്‍ ഗില്ലിയുടെ പേരിലാണ്. 30 കോടിക്ക് മുകളിലാണ് ആഗോള തലത്തില്‍ റീ റിലീസിംഗിലൂടെ ചിത്രം നേടിയത്. റീ റിലീസില്‍ ഗില്ലി പോലെ പണം വാരുമോ പോക്കിരി എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കോളിവുഡ്.
ALSO READ : മലയാളത്തില്‍ മറ്റൊരു ത്രില്ലര്‍ കൂടി; 'കുരുക്ക്' ട്രെയ്‍ലര്‍