സൂപ്പർ താരങ്ങളുടെ മൗനം അപഹാസ്യം, പണം കൊടുത്താൽ സംസാരിച്ചേക്കും: പരിഹസിച്ച് ചിന്മയി ശ്രീപദ
വേട്ടക്കാർക്ക് ഒപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഗായിക ആവശ്യപ്പെടുന്നുണ്ട്.
കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പിന്നണി ഗായിക ചിന്മയി ശ്രീപദ. വെള്ളിത്തിരയിൽ സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന സൂപ്പർ താരങ്ങൾ ഈ റിപ്പോര്‍ട്ടില്‍ കാണിക്കുന്ന മൗനം അപഹാസ്യമെന്ന് ചിന്മയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പണം വാങ്ങി മറ്റുള്ളവർ എഴുതുന്ന ഡയലോഗ് പറയുകയാണല്ലോ താരങ്ങളുടെ പതിവ്. പണം കിട്ടിയാൽ സ്ത്രീകൾക്കായി സൂപ്പർ താരങ്ങൾ സംസാരിച്ചേക്കുമെന്നും ചിന്മയി പരിഹസിച്ചു. വേട്ടക്കാർക്ക് ഒപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ഗായിക ആവശ്യപ്പെടുന്നുണ്ട്.
മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധേയായ ഗായികയാണ് ചിന്മയി. തനിക്കെതിരെ ലൈംഗിക അതിക്രമത്തിന് മുതിർന്ന കവി വൈരമുത്തുവിന് ഒ എൻ വി പുരസ്കാരം നൽകാതിരുന്നപ്പോൾ കേരളത്തോട് ബഹുമാനമാണ് തോന്നിയത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ നിരാശപ്പെടുത്തി എന്നും ചിന്മയി പറയുന്നു. വൈരമുത്തുവുമായി വേദി പങ്കിടുന്ന കമല്‍ഹാസനും സ്റ്റാലിനും അടക്കമുള്ളവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശം അപകടകരമാണെന്നും ചിന്മയി പറഞ്ഞു.
അതേസമയം, തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി 'അമ്മ' എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ രംഗത്ത് എത്തി. വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വിടണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. സംവിധായകന്‍ രഞ്ജിത്തിനെതിരായ പരാതിയില്‍ തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി എടുക്കണമെന്നും നടി ആവശ്യപ്പെട്ടു. രഞ്ജിത്തിന് എതിരെ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്നാണ് സംവിധായകൻ ആഷിക് അബു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ശക്തമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നുമെന്നും ആഷിഖ് ആവശ്യപ്പെട്ടു.
ഫിൽറ്റർ ഇഷ്ടപ്പെട്ടു, ഇല്ലെങ്കിൽ കാണാമായിരുന്നു; രസകരമായ പോസ്റ്റുമായി ആര്യ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..