ഓസ്‍കര്‍ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ആഗോള തലത്തില്‍ തന്നെ ഇന്ത്യൻ സിനിമയുടെ യശസ് ഉയര്‍ത്തിയവര്‍ക്ക് അഭിനന്ദനങ്ങളെന്ന് പിണറായി വിജയൻ.

Pinarayi Vijayan congrats Oscar award winners hrk

ഓസ്‍കറിന്റെ തിളക്കത്തിലാണ് ഇന്ത്യൻ സിനിമ. രണ്ട് പ്രധാനപ്പെട്ട അവാര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുകയാണ്. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഹിറ്റ് ഗാനത്തിനും 'ദ എലഫന്റ് വിസ്‍പറേഴ്‍സ്' എന്ന ഡോക്യുമെന്ററി ഷോര്‍ട് ഫിലിമിനുമാണ് ഇന്ത്യയില്‍ നിന്ന് ഓസ്‍കര്‍ ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ഓസ്‍കറില്‍ വളരെ പ്രധാനപ്പെട്ട രണ്ട് അവാര്‍ഡുകള്‍ ഇന്ത്യ നേടിയ ചരിത്ര നിമിഷം. ആഗോള തലത്തില്‍ തന്നെ ഇന്ത്യൻ സിനിമയുടെ യശസ് ഉയര്‍ത്തിയ കീരവാണിക്കും കാര്‍ത്തികി ഗോണ്‍സാല്‍വസിനും സംഘത്തിനും അഭിനന്ദനം. അതിരുകള്‍ മറികടന്ന് ഞങ്ങള്‍ക്ക് പ്രചോദനമാകുന്നത് തുടരൂ എന്നാണ് പിണറായി വിജയൻ എഴുതിയിരിക്കുന്നത്. മലയാളത്തിലും നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട് കീരവാണി.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും അമ്മാവന്റെ മകനായ എസ് എസ് രാജമൗലിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ 'ബാഹുബലി' പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ 'നാട്ടു നാട്ടു' പാട്ട്.

ഇരുപത് ട്യൂണുകളിൽ നിന്നും 'ആർആർആർ' അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന 'നാട്ടുവി'ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവയും. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. 'ക്രിമിനൽ', 'ജിസം', 'സായ', 'സുർ', 'മഗധീര', സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. മാസ്റ്റർ സംവിധായകൻ ഭരതൻ പ്രണയത്തിന്റെ 'ദേവരാഗം' തീർക്കാൻ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന 'സൂര്യമാനസ'വും കോട മഞ്ഞിനൊപ്പം 'നീലഗിരി'ക്കുന്നിൽ പെയ്‍ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്‍മയമായി കീരവാണി യാത്ര തുടരുന്നു.

Read More: 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി

Latest Videos
Follow Us:
Download App:
  • android
  • ios