പെരുമാള്‍ മുരുകന്‍റെ 'കൊടിത്തുണി' ഇനി സിനിമ; മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഒഫിഷ്യല്‍ സെലക്ഷന്‍
പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായാണ് ചലച്ചിത്രമാവുന്നത്
പെരുമാള്‍ മുരുകന്‍റെ ചെറുകഥ 'കൊടിത്തുണി' സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമയ്ക്ക് മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യ വിഭാഗത്തില്‍ ഒഫിഷ്യല്‍ സെലക്ഷന്‍ ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായാണ് ചലച്ചിത്രമാവുന്നത്. നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ 'കൊടിത്തുണി' എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം.
നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി. ഈ ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും. ഗീത കൈലാസം, ശരൺ, ഭരണി, തെൻട്രൽ രഘുനാഥൻ, മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. സഹ നിർമാണം ഷംസുദ്ദീൻ ഖാലിദ്, അനു എബ്രഹാം, ഇ എൽ വിജിൻ, വിൻസെൻ്റ് പെപ്പെ, തിരക്കഥ, സംവിധാനം വിപിൻ രാധാകൃഷ്ണൻ.
സംഗീതം, പശ്ചാത്തല സംഗീതം മുഹമ്മദ് മഖ്ബൂൽ മൻസൂർ, എഡിറ്റിംഗ് പ്രദീപ് ശങ്കർ, കലാസംവിധാനം ഗോപി കരുണാനിധി, ശബ്ദമിശ്രണം ടി കൃഷ്ണനുണ്ണി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സംഭാഷണം സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈന്‍, സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ് ലെനിൻ വലപ്പാട്, മേക്കപ്പ് വിനീഷ് രാജേഷ്, പിആര്‍ഒ പി ആർ സുമേരൻ.