സിനിമാക്കാര്‍ പക്ഷം പിടിക്കുന്നവരായതിനാല്‍ ജനങ്ങള്‍ അവരെ വിശ്വസിക്കുന്നില്ലെന്ന് എആര്‍ റഹ്മാന്‍
മഹാത്മാഗാന്ധിയുടെ മാഹാത്മ്യത്തെ കളങ്കപ്പെടുത്തുന്നതും, ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്നുവെന്നും ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു
മുംബൈ: ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്കുമാർ സന്തോഷിക്ക് വധ ഭീഷണി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോള്‍ രാജ്കുമാർ സന്തോഷിക്ക് പിന്തുണയുമായി ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ രംഗത്ത് എത്തി. വ്യാഴാഴ്ച നടന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റഹ്മാന്‍.
മഹാത്മാഗാന്ധിയുടെ മാഹാത്മ്യത്തെ കളങ്കപ്പെടുത്തുന്നതും, ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്നുവെന്നും ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഈ ചോദ്യം ചിലര്‍ സന്തോഷി ചിത്രവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടത്തിയ പ്രസ്മീറ്റില്‍ ഉയര്‍ത്തുകയും വാദപ്രതിവാദമായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്തോഷി തിങ്കളാഴ്ച മുംബൈ പൊലീസില്‍ വധഭീഷണിയുണ്ടെന്ന പരാതി നല്‍കിയത്. തുടര്‍ന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
"ഇപ്പോള്‍ ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ പടം കണ്ടിട്ടില്ല, വെറും ട്രെയിലര്‍ കണ്ട് ഇത് എന്തോ പക്ഷപാതം കാണിക്കുന്ന ചിത്രമാണെന്ന് കരുതുന്നത്. സിനിമാക്കാര്‍ പക്ഷം പിടിക്കുന്നവരായതിനാല്‍ അവരെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ദൌര്‍ഭാഗ്യകരമായ കാര്യം അതിന്‍റെ ഇരയാകുന്നത് സന്തോഷിയെ പോലുള്ളവരാണ്" - റഹ്മാന്‍ പറഞ്ഞു.
ആന്ദാസ് അപ്‌ന അപ്‌ന മുതൽ ഫാറ്റ പോസ്റ്റർ നിക്‌ല ഹീറോ വരെ ബിഗ് സ്‌ക്രീനിൽ മികച്ച ചില ചിത്രങ്ങള്‍ മുന്‍കാലങ്ങളില്‍ അവതരിപ്പിച്ച സംവിധായകനാണ് രാജ്കുമാർ സന്തോഷി. മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ് എന്നതിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഈ സിനിമയുടെ റിലീസും പ്രൊമോഷനും നിർത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ ചിലരിൽ നിന്ന് പിന്നീട് നിരവധി ഭീഷണികൾ ലഭിച്ചു. ഇതോടെ കടുത്ത അരക്ഷിതാവസ്ഥയിലാണ് താന്‍. അത്തരം ആളുകളില്‍ നിന്നും സംരക്ഷണം ലഭിച്ചില്ലെങ്കില്‍ തനിക്കും കുടുംബാംഗങ്ങൾക്കും ഗുരുതരമായ അപകടം ഉണ്ടാകുമെന്ന് കരുതുന്നതായി രാജ് കുമാര്‍ സന്തോഷി നേരത്തെ പറഞ്ഞിരുന്നു.
ചിത്രത്തില്‍ മഹാത്മാഗാന്ധിയുടെ വേഷം ചെയ്യുന്നത് ദീപക് അന്താനിയാണ്, ചിത്രത്തിൽ നാഥുറാം ഗോഡ്‌സെയായി ചിന്മയ് മണ്ഡ്ലേക്കർ എത്തുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ചരിത്രത്തിലെ മറ്റ് പ്രമുഖ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.
അസ്ഗർ വജാഹത്തും രാജ്കുമാർ സന്തോഷിയും ചേർന്നാണ് ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എഴുതിയിരിക്കുന്നത്. സന്തോഷി പ്രൊഡക്ഷൻസ് എൽഎൽപി നിർമ്മിക്കുന്ന ചിത്രം പിവിആർ പിക്ചേഴ്സ് റിലീസ് ആണ്. ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ തിയേറ്ററുകളിൽ എത്തുക.
'രാജ്യസുരക്ഷയുടെ കാര്യം' : പഠാനെക്കുറിച്ച് കത്രീന കൈഫിന്‍റെ പോസ്റ്റ്, ഷെയര്‍ ചെയ്ത് ദീപിക
ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി മലയാള ചിത്രം, 'അറ്റി'ലെ സഞ്ജനയുടെ പോസ്റ്റര്‍ പുറത്ത്