'സൂര്യ 42'ന്റെ ഹിന്ദി പതിപ്പിന്റെ വിതരണ അവകാശം സ്വന്തമാക്കി പെൻ സ്റ്റുഡിയോസ്
സിരുത്തൈ ശിവ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'സൂര്യ 42' ഒരുക്കുന്നത്.
സിരുത്തൈ ശിവയും സൂര്യയും പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ്. 'സൂര്യ 42' എന്ന് വിളിപ്പേരുള്ള ചിത്രം പാൻ ഇന്ത്യൻ ആയിട്ടാണ് പ്രദര്‍ശനത്തിന് എത്തിക്കുക. ത്രീഡിയിലുമാണ് സൂര്യ ചിത്രം എത്തുക. ദിഷാ പതാനി നായികയാകുന്ന സൂര്യ ചിത്രത്തിന്റെ ഹിന്ദി ഡിസ്‍ട്രിബ്യൂഷൻ റൈറ്റ്‍സ് പെൻ സ്റ്റുഡിയോസ് ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
'ആര്‍ആര്‍ആര്‍', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങളെല്ലാം ഹിന്ദിയില്‍ എത്തിച്ച് വൻ സ്വീകാര്യത സ്വന്തമാക്കിയ പെൻ സ്റ്റുഡിയോസിന് 'സൂര്യ 42'ലും വലിയ പ്രതീക്ഷകളാണ്. 'സൂര്യ 42'ന്റെ ഹിന്ദി പതിപ്പിന്റെ വിതരണ അവകാശം 100 കോടിക്കാണ് സ്വന്തമാക്കിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുക.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്.
'സൂര്യ 42'ന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. 'സൂര്യ 42'ന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്യരുത് എന്ന് ആവശ്യപ്പെട്ട് കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ചെറിയ കാര്യമാണെങ്കില്‍ പോലും മൊത്തം ടീമിന്റെ കഠിനാദ്ധ്വാനം അതിലുണ്ട്. മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആയി ചിത്രം സമ്മാനിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പോസ്റ്റ് ചെയ്‍ത വീഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്‍താല്‍ അത് നല്ല കാര്യമാകും. ഭാവിയില്‍ ഷെയര്‍ ചെയ്യാതിരിക്കാനും അഭ്യര്‍ഥിക്കുന്നു. ഇത് തുടര്‍ന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയിക്കാനും ആഗ്രഹിക്കുന്നു എന്നുമാണ് നിര്‍മാതാക്കളുടെ ഔദ്യോഗിക ട്വിറ്റര്‍ വഴി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്.
Read More: അമ്പമ്പോ എന്തൊരു ലുക്ക്, ഹൃത്വിക്കിന്റെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍