കേരളത്തിലും ജിസിസിയിലും 200 ല്‍ ഏറെ തിയറ്ററുകള്‍; വന്‍ സ്ക്രീന്‍ കൗണ്ടുമായി വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ട്
റെസ്റ്റ് ഓഫ് ഇന്ത്യയിലും മികച്ച സ്ക്രീന്‍ കൌണ്ട്
സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൌണ്ടുമായി വരികയാണ് വിനയന്‍റെ സംവിധാനത്തില്‍ എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട്. തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകള്‍ ഉണ്ട്. ജിസിസിയിലും അത്രതന്നെ സ്ക്രീനുകള്‍. ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും നാളെത്തന്നെയാണ്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു, തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ട്.
അതേസമയം ജിസിസി ഒഴികെയുള്ള ചിത്രത്തിന്‍റെ വിദേശ റിലീസ് 9-ാം തീയതി ആണ്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്ക്രീന്‍ കൌണ്ടോടെയാണ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ റിലീസ്. ഇതില്‍ യൂറോപ്പില്‍ മാത്രം നൂറിലേറെ തിയറ്ററുകളില്‍ ചിത്രത്തിന് റിലീസ് ഉണ്ട്. അതേസമയം മലയാളം പതിപ്പ് മാത്രമാണ് നാളെ തിയറ്ററുകളില്‍ എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകള്‍ ഒരുമിച്ച് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഡബ്ബിംഗ് കോപ്പികളുടെ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനാല്‍ അവ നാളെ റിലീസ് ചെയ്യില്ല. സെന്‍സറിംഗ് പൂര്‍ത്തിയായാലുടന്‍ മറ്റു ഭാഷാ പതിപ്പുകള്‍ തിയറ്ററുകളില്‍ എത്തിക്കുമെന്ന് വിനയന്‍ അറിയിച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. സിജു വിൽസൻ ആണ് ചിത്രത്തില്‍ നായകന്‍. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് സിജു അവതരിപ്പിക്കുന്നത്. സംവിധായകൻ തന്നെരചന നിര്‍വ്വഹിച്ചിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹനിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
ALSO READ : യുകെ പൗരനായ 'ലൂക്ക് ആന്‍റണി', ഞെട്ടിക്കാന്‍ മമ്മൂട്ടി; 'റോഷാക്ക്' ട്രെയ്‍ലര്‍
തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാസംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജൻ ഫിലിപ്പ്, പി ആർ ആന്‍ഡ് മാർക്കറ്റിംഗ് കണ്ടന്‍റ് ഫാക്ടറി.