15 ദിവസം മുന്‍പേ വിദേശത്ത് റിസര്‍വേഷന്‍ ആരംഭിച്ച് 'പഠാന്‍'; ലക്ഷ്യം വന്‍ ഓപണിംഗ്
മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ ഇടങ്ങളിലൊക്കെ ബുക്കിംഗ് ഇന്ന് ആരംഭിച്ചു
റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പേ ചിത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍ റിലീസിന് രണ്ടാഴ്ച മുന്‍പ് തന്നെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിക്കുന്നത് അസാധാരണവും. അത്തരത്തിലുള്ള നീക്കം നടത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍റെ നിര്‍മ്മാതാക്കളാണ്. റിലീസ് ആവാന്‍ 15 ദിവസം അവശേഷിക്കെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. എന്നാല്‍ ഇന്ത്യയില്‍ അല്ല, മറിച്ച് വിദേശ മാര്‍ക്കറ്റുകളിലാണ് റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുന്നത്.
മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ ഇടങ്ങളിലൊക്കെ ബുക്കിംഗ് ഇന്ന് ആരംഭിച്ചിരിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ പ്രിയതാരത്തെ നാല് വര്‍ഷത്തിനു ശേഷം വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനാവുന്നതിന്‍റെ ആവേശത്തിലാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്.
ALSO READ : 4 കെ 3ഡിയില്‍ റീമാസ്റ്ററിംഗ്; ടൈറ്റാനിക് വീണ്ടും തിയറ്ററുകളിലേക്ക്: ട്രെയ്‍ലര്‍
സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. 2023 ജനുവരി 25 ആണ് റിലീസ് തീയതി.