'വര്‍മന്‍' പ്ലേലിസ്റ്റിന് പിന്നാലെ 'പാര്‍ഥി'യുടെ പ്ലേലിസ്റ്റും വൈറല്‍; യുട്യൂബില്‍ ആളെക്കൂട്ടി പഴയ പാട്ടുകള്‍
ലിയോയിലെ പ്രധാന ഫൈറ്റ് സീക്വന്‍സുകളില്‍ ഒന്നായ കഫെ ഫൈറ്റ് സീനില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന പാട്ടുകളാണ് ഇവ
ജയിലര്‍ സിനിമയിലെ വിനായകന്‍റെ കഥാപാത്രം വലിയ പ്രേക്ഷകപ്രീതി നേടിയ ഒന്നായിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന പ്രതിനായക കഥാപാത്രത്തിന്‍റെ പല പ്രത്യേകതകളും പ്രേക്ഷകര്‍ക്കിടയില്‍ ആ സമയത്ത് ചര്‍ച്ച ആയിരുന്നു. അതിലൊന്നായിരുന്നു വര്‍മന്‍ തന്‍റെ സംഘാംഗങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന സമയത്ത് വെക്കുന്ന പാട്ടുകള്‍. വര്‍മന്‍ പ്ലേ ലിസ്റ്റ് എന്ന പേരില്‍ ഈ ഗാനങ്ങളൊക്കെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിജയ് ചിത്രം ലിയോയിലൂടെയും രണ്ട് പഴയ ഗാനങ്ങള്‍ വീണ്ടും ആസ്വാദകരെ നേടുകയാണ്.
ലിയോയിലെ പ്രധാന ഫൈറ്റ് സീക്വന്‍സുകളില്‍ ഒന്നായ കഫെ ഫൈറ്റ് സീനില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന പാട്ടുകളാണ് ഇവ. വിജയ്‍യുടെ പാര്‍ഥിപന്‍ എന്ന കഥാപാത്രം തന്നെ വച്ചിരിക്കുന്ന പാട്ടുകളാണ് അവ. ഏഴൈയിന്‍ സിരിപ്പില്‍ (2000) എന്ന ചിത്രത്തിലെ കറു കറു കറുപ്പായി, പസുംപൊന്‍ (1995) എന്ന ചിത്രത്തിലെ താമരൈ പൂവുക്കും എന്നീ ഗാനങ്ങളാണ് ലിയോയില്‍ ലോകേഷ് കൊണ്ടുവന്നിരിക്കുന്നത്. തമിഴ് സിനിമാപ്രേമികളുടെ മനസിലുള്ള എവര്‍ഗ്രീന്‍ ഗാനങ്ങളാണ് ഇവ. എന്നാല്‍ ലിയോ എത്തിയതോടെ യുട്യൂബില്‍ ഈ ഗാനങ്ങള്‍ക്ക് വലിയ വ്യൂസ് ആണ് ലഭിക്കുന്നത്. പല യുട്യൂബ് ചാനലുകളും പുതുതായി ഈ ഗാനങ്ങള്‍ ആഡ് ചെയ്തിട്ടുമുണ്ട്.
അതേസമയം ഈ ഗാനങ്ങള്‍ എന്തുകൊണ്ട് ആ രംഗത്തിലേക്ക് കൊണ്ടുവന്നു എന്നതിന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ലോകേഷ് മറുപടി പറഞ്ഞിരുന്നു. "അതെല്ലാം കോളെജ് കാലത്തെ എന്‍റെ പ്ലേ ലിസ്റ്റ് ആണ്. സീനില്‍ പരമാവധി കോണ്‍ട്രാസ്റ്റ് കൊണ്ടുവരുന്ന, സീനുമായി ഒരു ബന്ധവുമില്ലാത്ത പാട്ടുകള്‍ വേണമെന്നായിരുന്നു എനിക്ക്. ചില പാട്ടുകളൊക്കെ അവിടെ കൊണ്ടുവച്ചാല്‍ ഫണ്ണി ആയി തോന്നും. മറ്റു ചിലത് പ്ലേസ് ചെയ്താല്‍ സെറ്റ് ചെയ്തിരിക്കുന്ന മൂഡ് കൈമോശം വരും. അതേസമയം ഉപബോധ മനസില്‍ കാണുന്ന ദൃശ്യത്തിനപ്പുറം നില്‍ക്കുന്ന ട്രാക്കും ആയിരിക്കണം. ഇതെല്ലാം ആലോചിച്ച് അവസാനം കിട്ടിയ പാട്ടുകളാണ് ഇത് രണ്ടും", ലോകേഷ് പറയുന്നു. കഫെ ഫൈറ്റിലെ ഇന്‍റീരിയര്‍ സീനുകളെല്ലാം ചെന്നൈയിലാണ് ഷൂട്ട് ചെയ്തത്. എക്സ്റ്റീരിയര്‍ എല്ലാം കശ്മീരിരും. പ്രേക്ഷകര്‍ ഇത് മനസിലാക്കാത്ത തരത്തില്‍ സൂക്ഷ്മതയോടെയാണ് ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.