റോഷന്‍ മാത്യുവിനൊപ്പം ദര്‍ശന രാജേന്ദ്രന്‍; 'പാരഡൈസ്' ഒടിടിയില്‍
ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത ചിത്രം
ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ് എന്ന ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ജൂണ്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും മനോരമ മാക്സിലൂടെയാണ് ചിത്രം ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് ‘പാരഡൈസ്’ കഥ പറയുന്നത്. ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രാജീവ് രവിയാണ്. ശ്രീകർ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചിരിക്കുന്നു. മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ ചിത്രം അവതരിപ്പിച്ചത്. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എ പി ഇൻ്റർനാഷണലുമാണ് ചിത്രം വിതരണം ചെയ്തത്.
തിയറ്റര്‍ റിലീസിന് മുന്‍പേ അന്താരാഷ്ട്ര ചലച്ചിത്രവേദികളിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു. ഐഎഫ്എഫ്‍കെയിലൂടെ മലയാളികള്‍ക്ക് പരിചയമുള്ള സംവിധായകനാണ് പ്രസന്ന വിത്തനാഗെ.
ALSO READ : വിജയ് ആന്‍റണി നായകന്‍; 'മഴൈ പിടിക്കാത മനിതൻ' തിയറ്ററുകളിലേക്ക്