'മറിമായം' ടീമിനൊപ്പം സലിം കുമാര്‍; 'പഞ്ചായത്ത് ജെട്ടി'ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്
'മറിമായം' പരമ്പരയിലെ മുഴുവൻ അഭിനേതാക്കൾക്കും ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്
ഒരു തനി നാട്ടിൻ പുറത്തിന്‍റെ എല്ലാ രസങ്ങളും കൗതുകങ്ങളും അല്ലറ ചില്ലറ പ്രശ്നങ്ങളുമൊക്കെ ചേർത്തുവെക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. നമ്മുടെയൊക്കെ ചുറ്റുവട്ടത്ത് നടക്കാറുള്ള സംഭവങ്ങള്‍ ഏറെ രസകരമായി നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ച് പ്രേഷക ഹൃദയങ്ങള്‍ കീഴടക്കിയ 'മറിമായം' പരമ്പരയിലെ അഭിനേതാക്കൾ ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ‘പഞ്ചായത്ത് ജെട്ടി’. ഈ മാസം 26 നാണ് സിനിമയുടെ റിലീസ്. സരസമായ രീതിയിൽ എത്തിയിരുന്ന സിനിമയുടെ ടീസറും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് സിനിമയെന്നാണ് സൂചന.
സിനിമയുടെ യു സർട്ടിഫിക്കറ്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ടെലിവിഷൻ സ്ക്രീനിൽ നിന്നും താരങ്ങൾ പുറത്തേക്ക് വരുന്ന രീതിയിലുള്ളതാണ് പോസ്റ്റർ. 'നിങ്ങൾ മറിമായം കാണാറുണ്ടോ?' എന്നൊരു ചോദ്യവും പോസ്റ്ററിലുണ്ട്. 'മറിമായ'ത്തിലെ മുഴുവൻ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. മിനി സ്ക്രീനിലെ ചിരിയും ചിന്തയും രസങ്ങളും ഇനി ബിഗ് സ്ക്രീനിലും തുടരുമെന്ന് തന്നെയാണ് ഈ പോസ്റ്റർ കാണുമ്പോള്‍ മനസ്സിലാക്കാനാവുന്നത്. ഒരു നാടും അവിടുത്തെ നാട്ടുകാരും അവർക്കിടയിലെ ചില രസകരമായ സംഭവങ്ങളുമൊക്കെ ആസ്പദമാക്കിയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
വൈപ്പിൻ, നായരമ്പലം, എളങ്കുന്നപ്പുഴ, കുടുങ്ങാശ്ശേരി, എടവനക്കാട് ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ‘മറിമായം’ എന്ന ഹിറ്റ് പരമ്പരയിലെ അഭിനേതാക്കളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും ചേർന്നാണ്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ഇവരെത്തുന്നുമുണ്ട്. സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേം പെപ് കോ, ബാലൻ കെ മങ്ങാട്ട് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ മുൻനിർത്തി ഒരുക്കിയിരിക്കുന്ന ‘പഞ്ചായത്തു ജെട്ടി’ ഒരു ഗ്രാമത്തിലെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹിക വിഷയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം ജീവിതഗന്ധിയായ ഒട്ടേറെ മുഹൂർത്തങ്ങളുമായാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകരുടെ വാക്കുകൾ.
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരരായ 'മറിമായം' പരമ്പരയിലെ മുഴുവൻ അഭിനേതാക്കൾക്കും ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. നടനും സംവിധായകനുമായ സലിം കുമാറും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഛായാഗ്രഹണം: ക്രിഷ് കൈമള്‍, എഡിറ്റർ: ശ്യാം ശശിധരൻ, സംഗീതം: രഞ്ജിൻ രാജ്, കലാസംവിധാനം: സാബു മോഹൻ, കോസ്റ്റ്യും ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ: ബാബുരാജ് മനിശ്ശേരി, മേക്കപ്പ്: ഹസൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീകുമാർ നായർ, ഗാനരചന: സന്തോഷ് വർമ്മ, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വിഎഫ്എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, പിആർഒ: വാഴൂർ ജോസ്, എ.എസ് ദിനേശ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
ALSO READ : ഇനി നടന്‍ വിനീത് ശ്രീനിവാസന്‍; 'ഒരു ജാതി ജാതകം' റിലീസ് തീയതി