ഇത് എന്ത് മാവാ, ഇത് മാവല്ലല്ലോ പ്ലാവല്ലേ! ചർച്ചയായി 'പാച്ചുവും അത്ഭുത വിളക്കും', ഫഹദിന്‍റെ വേറിട്ട ലുക്കും

ഈയടുത്തിടെ ജോജിയായി പ്രേക്ഷകരെ വട്ടം കറക്കിയ അലിക്കയായി ക്ലാസും മാസും നിറച്ച ഭൻവർ സിംഗായി ഞെട്ടിച്ച അമറായി വിസ്മയിപ്പിച്ച അനിക്കുട്ടനായി പകർന്നാടിയ ഫഹദേയല്ല പാച്ചുവും അത്ഭുത വിളക്കിലുമുള്ളതെന്ന് ടീസർ കാണുമ്പോൾ നമുക്ക് തോന്നാം

pachuvum athbutha vilakkum movie teaser looks promising with fahad new look vvk

കൊച്ചി: ഫഹദിന്‍റെ ഒരു സിനിമയിറങ്ങുമ്പോൾ ആ സിനിമയുടെ സ്വഭാവം എന്തായിരിക്കുമെന്ന് ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാമെന്ന് പൊതുവെ പറയാറുണ്ട്. ഈ ഒരു വിഷയത്തെ ഊട്ടിയുറപ്പിച്ചിരിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയുടെ ടീസര്‍. മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള  യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമായാണ് പാച്ചുവും അത്ഭുത വിളക്കുമെത്തുന്നത്. സത്യൻ അന്തിക്കാടിന്‍റെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നി‍ർവ്വഹിക്കുന്ന സിനിമ ടീസര്‍ ഇറങ്ങിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ സിനിമാ ഗ്രൂപ്പുകളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഏത് വേഷവും അനായാസമായി ചെയ്ത് ഫലിപ്പിക്കാറുള്ള ഫഹദ് നാളുകൾക്ക് ശേഷം ഒരു ഫീൽഗുഡ്, ടോട്ടൽ എന്‍റര്‍ടെയ്നർ സിനിമയുമായി എത്തുകയാണ് പാച്ചുവും അത്ഭുത വിളക്കിലൂടെ. ഈയടുത്തിടെ ജോജിയായി പ്രേക്ഷകരെ വട്ടം കറക്കിയ അലിക്കയായി ക്ലാസും മാസും നിറച്ച ഭൻവർ സിംഗായി ഞെട്ടിച്ച അമറായി വിസ്മയിപ്പിച്ച അനിക്കുട്ടനായി പകർന്നാടിയ ഫഹദേയല്ല പാച്ചുവും അത്ഭുത വിളക്കിലുമുള്ളതെന്ന് ടീസർ കാണുമ്പോൾ നമുക്ക് തോന്നാം. കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായാണ് ഫഹദ് നിറഞ്ഞുനിൽക്കുന്നത്. സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവം തന്നെ ഫഹദിൽ നിന്ന് വായിച്ചെടുക്കാനാവുമെന്നാണ് സോഷ്യൽമിഡിയയിലെ ചർച്ചകൾ.

pachuvum athbutha vilakkum movie teaser looks promising with fahad new look vvk

അയ്മനം സിദ്ധാർത്ഥനും പ്രകാശനും പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നർമ്മം നിറഞ്ഞ ഒരു കഥാപാത്രമായി ഫഫയെത്തുന്ന സിനിമ കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ സീനിയേഴ്സായ ഇന്നസെന്‍റിനും മുകേഷിനും ഇന്ദ്രൻസിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഫയുടെ കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ആവോളമുണ്ടാകുമെന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്.

സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ അഖില്‍ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്‍തിട്ടുണ്ട്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്,  മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

മകളുടെ യോഗ അഭ്യാസത്തില്‍ അത്ഭുതപ്പെട്ടിരിക്കുന്ന അല്ലു അര്‍ജുന്‍ - ചിത്രം വൈറല്‍

50-ാം ദിവസവും കേരളത്തിലെ 107 തിയറ്ററുകളില്‍! 'രോമാഞ്ചം' ഇതുവരെ നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios