ഒടിടി റിലീസില്‍ പാന്‍ ഇന്ത്യന്‍ ഹിറ്റ് ആയി 'പാപ്പന്‍'; സീ 5 ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമത്

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം

paappan number 1 in zee 5 top 10 movies in india suresh gopi joshiy sree gokulam movies

സുരേഷ് ഗോപി എന്ന സൂപ്പര്‍താരത്തെ അദ്ദേഹത്തിന്‍റെ പഴയ കരിസ്‍മയോടെ അവതരിപ്പിച്ച ചിത്രമായിരുന്നു പാപ്പന്‍. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ വലിയ ഇടവേള്ക്കു ശേഷം പുറത്തിറങ്ങിയ ചിത്രവുമായിരുന്നു ഇത്. ആര്‍ ജെ ഷാന്‍ തിരക്കഥയൊരുക്കിയ ചിത്രം ജോഷിയുടെ ക്രാഫ്റ്റ്സ്മാന്‍ഷിപ്പിന്‍റെ പേരിലും പ്രശംസിക്കപ്പെട്ടിരുന്നു. ആഗോള ബോക്സ് ഓഫീസിലെ ഗ്രോസും ഒടിടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ നേടിയ തുകയും ചേര്‍ത്ത് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം അവിടെയും വലിയ വിജയം നേടുകയാണ്.

പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 നാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. രണ്ട് ദിവസത്തിനിപ്പുറം പ്ലാറ്റ്ഫോമിലെ സിനിമകളുടെ ഇന്ത്യന്‍ ടോപ്പ് 10 ല്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് പാപ്പന്‍. രണ്ടാം സ്ഥാനത്ത് വിദ്യുത് ജാംവാല്‍ നായകനായ ഹിന്ദി ചിത്രം ഖുദ ഹഫിസും മൂന്നാമത് കിച്ച സുദീപ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വിക്രാന്ത് റോണയുമാണ്. സീ 5 പ്ലാറ്റ്ഫോമിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ട്രീം ചെയ്യുന്ന ഒരു മലയാള ചിത്രം ഇന്ത്യ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടുന്നത്.

paappan number 1 in zee 5 top 10 movies in india suresh gopi joshiy sree gokulam movies

 

തിയറ്ററുകളിലെത്തിയ ആദ്യ ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് നേടിയത് 3.16 കോടി ആയിരുന്നു. ആദ്യ ഒരാഴ്ച കേരളത്തില്‍ നിന്നു നേടിയ കളക്ഷന്‍ 17.85 കോടി ആയിരുന്നു. വിദേശ, ഇതര സംസ്ഥാന റിലീസുകള്‍ സംഭവിച്ചതിനു ശേഷം 10 ദിവസത്തെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് 31.43 കോടിയും ആയിരുന്നു. മഴയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 

ALSO READ : 'ഞാന്‍ പറഞ്ഞില്ലേ നിന്‍റടുത്ത്'? പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ഷോയ്ക്കു ശേഷം വീട്ടിലെത്തിയ സിജുവിനോട് വിനയന്‍

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രവുമാണ് ഇത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios