വാക്കുകള്‍ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്നു: ഉദയനിധിയെ പിന്തുണച്ച് പാ രഞ്ജിത്ത്
ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുകയാണെന്ന് പാ രഞ്ജിത്ത് പറഞ്ഞു.
ചെന്നൈ: ഉദയനിധി സ്റ്റാലിൻ നടത്തിയ സനാതന ധർമ്മ പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി എത്തിച്ചേർന്നിരുന്നു. ഇപ്പോഴിതാ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്. ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുകയാണെന്ന് പാ രഞ്ജിത്ത് പറഞ്ഞു.
"ഉദയനിധി സ്റ്റാലിന് എന്‍റെ ഐക്യദാര്‍ഢ്യം. നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്‍റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം. ജാതിയുടെയും ലിംഗത്തിന്റെ പേരിലുള്ള മനുഷ്യത്വരഹിമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്. ഡോ. ബാബാസാഹേബ് അംബേദ്കർ, ഇയോതീദാസ് പണ്ഡിതർ, തന്തൈ പെരിയാർ, മഹാത്മാ ഫൂലെ, സന്ത് രവിദാസ് തുടങ്ങിയവരെല്ലാം തങ്ങളുടെ ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ ഇത് തന്നെയാണ് വാദിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന ഹീനമായ സമീപനം അംഗീകരിക്കാനാവില്ല. അദ്ദേഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളിലും വേട്ടയാടലുകളിലും അപലപിക്കുന്നു. സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാധന ധര്‍നം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ ഞാന്‍ പിന്തുണയ്ക്കുന്നു", എന്നാണ് പാ രഞ്ജിത്ത് കുറിച്ചത്.
അതേസമയം, തങ്കലാന്‍ എന്ന ചിത്രമാണ് പാ രഞ്ജിത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. വിക്രം ആണ് ചിത്രത്തിലെ നായകന്‍. വിക്രമിന്‍റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നുണ്ട്.
ഉണ്ടക്കണ്ണും വെളുത്ത മനസും കണ്ട് ഒരു പെണ്ണ് ഓടിവരും..; രസിപ്പിച്ച് 'നദികളിൽ സുന്ദരി യമുന' ടീസർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..