ഓസ്‍കര്‍ ജേതാവ് കീരവാണി മലയാള സിനിമയിലേക്ക് വീണ്ടും, പാട്ടുകളൊരുക്കുന്നത് ശ്രീകുമാരൻ തമ്പിക്കൊപ്പം

ശ്രീകുമാരൻ തമ്പിയുമായി ചേര്‍ന്നാണ് മലയാള സിനിമയ്‍ക്കായി കീരവാണി പാട്ടുകള്‍ ഒരുക്കുന്നത്.

Oscar 2023 Winner Keeravani to compose song for Malayalam again hrk

ഓസ്‍കര്‍ തിളക്കത്തിലാണ് സംഗീജ്ഞൻ കീരവാണി.  'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് ഓസ്‍കാര്‍  ലഭിച്ചിരിക്കുന്നത്. കീരവാണിയുമായി ചേര്‍ന്ന്  ഒരു മലയാള സിനിമയ്‍ക്കായി പാട്ടുകള്‍ ഒരുക്കുന്നുവെന്ന് ഗാന രചയിതാവും ശ്രീകുമാരൻ തമ്പി സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുകയാണ്.

ഓസ്‍കാർ നേടിയ പ്രിയ സ്നേഹിതൻ കീരവാണിക്ക് അഭിനന്ദനം. കീരവാണിയുമായി ചേർന്ന് ഒരു സിനിമയ്‍ക്ക് അഞ്ചു പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ദുരന്തത്തിൽ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികൾ ഉടനെ പുനരാരംഭിക്കും എന്നാണ് നിർമ്മാതാവ് പറയുന്നത്. മലയാളത്തിൽ മരഗതമണി എന്ന പേരിൽ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യൻ സിനിമയെ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്. നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാർഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ കാലം അനുഗ്രഹിക്കട്ടെ എന്നും ശ്രീകുമാരൻ തമ്പി പറയുന്നു. കീരവാണിയുടെ പാട്ടുകള്‍ വീണ്ടും മലയാള സിനിമയില്‍ കേള്‍ക്കാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം ലഭിച്ചത്. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും അമ്മാവന്റെ മകനായ എസ് എസ് രാജമൗലിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ 'ബാഹുബലി' പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്‍മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ 'നാട്ടു നാട്ടു' പാട്ട്.

ഇരുപത് ട്യൂണുകളിൽ നിന്നും 'ആർആർആർ' അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന 'നാട്ടുവി'ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവയും. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. 'ക്രിമിനൽ', 'ജിസം', 'സായ', 'സുർ', 'മഗധീര', സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. മാസ്റ്റർ സംവിധായകൻ ഭരതൻ പ്രണയത്തിന്റെ 'ദേവരാഗം' തീർക്കാൻ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന 'സൂര്യമാനസ'വും കോട മഞ്ഞിനൊപ്പം 'നീലഗിരി'ക്കുന്നിൽ പെയ്‍ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്‍മയമായി കീരവാണി യാത്ര തുടരുന്നു.

Read More: എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തില്‍ മകൻ പാടുന്നു, 'പത്ത് തല' ഗാനം

Latest Videos
Follow Us:
Download App:
  • android
  • ios