'പടം വീണു, പക്ഷേ പോക്കറ്റിൽ നിന്ന് പണമെറിഞ്ഞ് ആ താരം ഓടിച്ചു'; ആർജിവിയുടെ ആരോപണം ആരെക്കുറിച്ചെന്ന് ചര്‍ച്ച
തെലുങ്ക് സിനിമയിലെ ഒരു മോശം ട്രെന്‍ഡിനെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ
അഭിപ്രായപ്രകടനങ്ങളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ആളാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. സംവിധാനം ചെയ്യുന്ന സിനിമകളിലൂടെ അദ്ദേഹമിപ്പോള്‍ തരംഗമൊന്നും തീര്‍ക്കാറില്ലെങ്കിലും പുതിയ അഭിമുഖങ്ങളും മറ്റും പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ പുതിയൊരു അഭിമുഖവും.
ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് തെലുങ്ക് സിനിമയിലെ ഒരു മോശം ട്രെന്‍ഡിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചത്. താന്‍ നായകനായ സിനിമ തിയറ്ററുകളില്‍ വീണപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് പണമിറക്കി ചിത്രം തിയറ്ററുകളില്‍ പിടിച്ചുനിര്‍ത്തിയ താരത്തെക്കുറിച്ചാണ് അത്. "മുംബൈയില്‍ നിന്നുള്ള ഒരു കോര്‍പറേറ്റ് കമ്പനി ഈ തെലുങ്ക് താരത്തിനൊപ്പം സിനിമ ചെയ്യാനായി വന്നു. എന്നാല്‍ തിയറ്ററുകളില്‍ എത്തിയപ്പോള്‍ പടം കാര്യമായി കളക്ഷനൊന്നും നേടിയില്ല. സ്വാഭാവികമായും നിര്‍മ്മാതാക്കളായ കോര്‍പറേറ്റ് കമ്പനിക്ക് ചിത്രം തിയറ്ററില്‍ നിന്ന് വലിക്കണമെന്നായിരുന്നു. എന്നാല്‍ തന്‍റെ ആരാധകര്‍ തന്നെക്കുറിച്ച് മോശം കരുതുമോ എന്നായിരുന്നു ആ താരത്തിന്‍റെ ഭയം", രാം ഗോപാല്‍ വര്‍മ്മ പറയുന്നു.
"അതിനാല്‍ ആ താരം എന്തു ചെയ്തു, ആ കോര്‍പറേറ്റ് കമ്പനിയെ സമീപിച്ച് ഒരു ഓഫര്‍ വച്ചു. പടം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കരുതെന്നും അതിനായുള്ള പണം താന്‍ തരാമെന്നുമായിരുന്നു അത്. പണം മുടക്കാന്‍ അയാള്‍ തയ്യാറാണെങ്കില്‍ അവര്‍ക്ക് എന്ത് പോകാന്‍? എന്നാല്‍ ഇക്കാര്യം വിതരണക്കാരനെ അറിയിച്ചിട്ടില്ലായിരുന്നു. അതിനാല്‍ പത്രങ്ങളില്‍ ചിത്രം തിയറ്ററുകളില്‍ തുടരുന്നത് സംബന്ധിച്ച പരസ്യങ്ങളൊന്നും വന്നില്ല. തിയറ്ററില്‍ ആളില്ലാതെ കളിക്കുന്നതിന് അങ്ങോട്ട് പണം കൊടുക്കുന്നു. ഇനി പരസ്യത്തിനുകൂടി പണം മുടക്കേണ്ട എന്നായിരുന്നു താരത്തിന്‍റെ നിലപാട്", രാം ഗോപാല്‍ വര്‍മ്മ ആരോപിക്കുന്നു.
അതേസമയം ഗലാട്ട പ്ലസില്‍ വന്ന ഈ അഭിമുഖഭാഗം സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെ രാം ഗോപാല്‍ വര്‍മ്മ ഉദ്ദേശിച്ച തെലുങ്ക് താരം ആരെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ഈ ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നുവന്നിരിക്കുന്ന മൂന്ന് പേരുകള്‍ രാം ചരണ്‍, വിജയ് ദേവരകൊണ്ട, പ്രഭാസ് എന്നിവരുടേതാണ്. രാം ചരണിന്‍റെ 2013 ചിത്രം സഞ്ജീറിന്‍റെ പേര് ചിലര്‍ എടുത്ത് പറയുന്നുണ്ട്. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്‍റെ ചില പരാജയ ചിത്രങ്ങളെക്കുറിച്ച് മറ്റ് ചിലരും പറയുന്നുണ്ട്.
ALSO READ : നിര്‍മ്മാണം ടൊവിനോ, ബേസില്‍ നായകന്‍; 'മരണമാസ്' ആരംഭിച്ചു