അക്ഷയ് കുമാര്‍ ഇനി ശിവന്‍; 'ഒഎംജി 2' തിയറ്ററില്‍ തന്നെ, റിലീസ് തീയതി പ്രഖ്യാപിച്ചു
അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്
അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ഒഎംജി 2 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ 'ഒഎംജി- ഓ മൈ ഗോഡി'ന്‍റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം.
അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്‍ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനാണ് അക്കിയുടെ കഥാപാത്രം.
ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങള്‍ നേടിയിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് അനന്തരം ബോളിവുഡ് അടിപ്പെട്ട തകര്‍ച്ചയില്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കും രക്ഷയുണ്ടായില്ല. കൊവിഡിനു ശേഷമെത്തിയ അക്ഷയ് കുമാറിന്‍റെ നിരവധി ചിത്രങ്ങളില്‍ ഒരേയൊരെണ്ണം മാത്രമാണ് തിയറ്ററുകളില്‍ വിജയം കണ്ടത്. രോഹിത് ഷെട്ടിയുടെ സൂര്യവന്‍ശി ആയിരുന്നു അത്. തിയറ്ററുകളിലെ ഈ തുടര്‍ പരാജയങ്ങളെ തുടര്‍ന്നാണ് പുതിയ അക്ഷയ് കുമാര്‍ ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ആലോചിച്ചതെന്നായിരുന്നു നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെ എഴുതിത്തള്ളിക്കൊണ്ടാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം