'എത്രയോ നല്ല എന്‍റര്‍ടെയ്‍നര്‍'; മോണ്‍സ്റ്ററിനെ പ്രശംസിച്ച് ഒമര്‍ ലുലു
പുലിമുരുകന്‍റെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു മോണ്‍സ്റ്ററിന്‍റെ യുഎസ്‍പി
ഈ വാരാന്ത്യം തിയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് പ്രശംസയുമായി സംവിധായകന്‍ ഒമര്‍ ലുലു. ചിത്രം നല്ല എന്‍റര്‍ടെയ്നര്‍ ആണെന്ന് ചിത്രത്തിന്‍റെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "ഇപ്പോ അടുത്ത് ഫേസ്ബുക്കില്‍ ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തിയറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എന്‍റര്‍ടെയ്നര്‍ ആണ് ലാലേട്ടന്‍റെ മോൺസ്റ്റർ. ഹണി റോസും അടിപൊളി ആയിട്ടുണ്ട്", ഒമര്‍ കുറിച്ചു.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്‍റെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു മോണ്‍സ്റ്ററിന്‍റെ യുഎസ്‍പി. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ചിത്രം. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രം മികച്ച സ്ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
കേരളത്തിൽ മാത്രം 216 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്‍പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്ക്രീനുകളിളും ചിത്രം എത്തി. അങ്ങനെ ഇന്ത്യയില്‍ ആകമാനം 357 സ്ക്രീനുകള്‍. എല്‍ജിബിടിക്യുഐഎ പ്ലസ് ഉള്ളടക്കത്തിന്‍റെ പേരില്‍ ജിസിസി റിലീസിന് വിലക്ക് നേരിടുന്ന ചിത്രത്തിന് പക്ഷേ യൂറോപ്പില്‍ മികച്ച സ്ക്രീന്‍ കൌണ്ട് ആണ്. യുകെയില്‍ മാത്രം 104 സ്ക്രീനുകളില്‍ മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനുണ്ട്. യൂറോപ്പില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൌണ്ട് ആണ് മോണ്‍സ്റ്ററിന് എന്നാണ് വിതരണക്കാര്‍ അറിയിക്കുന്നത്.
ALSO READ : ഇതാണ് വിക്രത്തിന്‍റെ അടുത്ത സിനിമ; ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍
മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.