നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമെന്ന് അമ്മ, റിപ്പോര്‍ട്ട്
നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ ഒഡീഷയിൽ നിന്നുള്ള മറ്റൊരു നടി ജീവനൊടുക്കിയ വാര്‍ത്ത കൂടി.
ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ ഒഡീഷയിൽ നിന്നുള്ള മറ്റൊരു നടി ജീവനൊടുക്കിയ വാര്‍ത്ത കൂടി. ഒഡീഷയിലെ ഗായികയും നടിയുമായി രുചിസ്മിത ഗുരുവിനെയാണ് ഞായറാഴ്ച ദുരൂഹ സാഹചര്യത്തിൽ ബലംഗീർ ജില്ലയിലെ അമ്മാവന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രുചിസ്മിത ഗുരുവിന്റെ മൃതദേഹം അമ്മാവന്റെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
സോനേപൂർ ജില്ലയിൽ നിന്നുള്ള രിചിസ്മിത കുടുംബത്തിനൊപ്പം ബലംഗീർ ടൗണിലെ തൽപാലിയിലാണ് താമസിച്ചിരുന്നത്. നിരവധി ആൽബം സോങ്ങുകളിൽ പ്രശസ്തയായ രുചിസ്മിതയ്ക്ക് ഏറെ ആരാധകരുണ്ട്. ഈയിടെ ചെറിയ ബ്രേക്കെടുത്ത താരം അമ്മാവന്റെ വീട്ടിൽ എത്തിയതായിരുന്നു. മരണ വിവരം വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
അതേസമയം നടിയുടെ ദുരൂഹമായ മരണത്തിൽ ശക്തമായ അന്വേഷണം നടത്തുകയാണ് പൊലീസ്. കുടുംബാംഗങളെ പൊലീസ് ചോദ്യം ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെങ്കിലും മരണത്തിലേക്ക് നയിച്ച കാരണത്തിന് പിന്നാലെയാണ് പൊലീസ്. അതേസമയം, ആലു പറാത്ത തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മകളുമായി വാക്കുതര്‍ക്കം ഉണ്ടായതായും ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നും, നടി നേരത്തേയും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും അമ്മ മൊഴി നൽകിയതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഭോജ്പുരി നടി ആകാൻഷ ദുബൈയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഭോജ്പുരി ഗായകൻ സമർസിങ്, സഹോദരൻ സഞ്ജയ് സിങ് എന്നിവർക്കെതിരെയാണ് കേസ്. ആകാൻഷയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇരുവർക്കുമെതിരെ നടിയുടെ കുടുംബം നേരത്തെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഇരുവരും നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ലെന്നും സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നടിയുടെ അമ്മ വെളിപ്പെടുത്തി.