'കുറ്റകൃത്യങ്ങളെ കാലം മായ്ക്കും എന്ന് കരുതിയെങ്കില്‍ ധ്യാനിന് തെറ്റി'; വിമര്‍ശനവുമായി എന്‍ എസ് മാധവന്‍
മി ടൂ മൂവ്മെന്‍റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞത്
മി ടൂ മൂവ്മെന്‍റിനെ (Me Too) പരിഹസിച്ചുകൊണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് ധ്യാന്‍ ഈ പ്രസ്താവന നടത്തിയത്. മി ടൂ മൂവ്മെന്‍റ് മുന്‍പ് ഉണ്ടായിരുന്നെങ്കില്‍ അത് തനിക്കെതിരെയും ഉണ്ടാവുമായിരുന്നെന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്. ഇപ്പോഴിതാ ഈ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍ എസ് മാധവന്‍റെ (NS Madhavan) പ്രതികരണം.
കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്‍റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്‍റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നായിരുന്നു ധ്യാനിന്‍റെ വിവാദ പരാമര്‍ശം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹോളിവുഡില്‍ നിന്ന് ആരംഭിച്ച മി ടൂ മൂവ്മെന്‍റ് ലോകമാകെ ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഒന്നാണ്. കേരളത്തിലും അതിന്‍റെ അനുരണനങ്ങള്‍ ഉണ്ടായി. തങ്ങള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് മലയാള സിനിമാ മേഖലയില്‍ നിന്നും നിരവധി സ്ത്രീശബ്ദങ്ങള്‍ ഉയര്‍ന്നതും ഈ മൂവ്മെന്‍റിന്‍റെ തുടര്‍ച്ചയായിരുന്നു. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെയാണ് മലയാള സിനിമയില്‍ നിന്ന് അവസാനം ഉണ്ടായ മി ടൂ ആരോപണം. ഇത്തരത്തില്‍ സമകാലിക ലോകം അതീവ ഗൌരവം കല്‍പ്പിക്കുന്ന ഒരു വിഷയത്തെ പരിഹസിക്കുന്ന രീതിയില്‍ അവതരിപ്പിച്ചതിനാണ് ധ്യാനിനെതിരെ ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.
മാര്‍വല്‍ യൂണിവേഴ്‌സ് ലെവലില്‍ 'കെജിഎഫ് 3'; ചിത്രീകരണം ഉടനെന്ന് നിര്‍മ്മാതാവ്
ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു 'കെജിഎഫ് 2' (KGF Chapter 2). ആപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാത്ത താരത്തിൽ ഗംഭീരപ്രകടനം തന്നെയാണ് ചിത്രം കാഴ്ചവച്ചതും. ബോക്സ് ഓഫീസിൽ ഓരോ ദിവസം കഴിയുന്തോറും മിന്നും പ്രകടനമാണ് യാഷ് ചിത്രം കാഴ്ചവയ്ക്കുന്നത്. രണ്ടാം ഭാഗത്തിന് പിന്നാലെ മൂന്നാം ഭാഗവും വരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവിരങ്ങൾ അറിയിക്കുകയാണ് നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍.
ഈ വർഷം ഒക്ടോബറിന് ശേഷം കെജിഎഫ് 3 ആരംഭിക്കുമെന്നാണ് വിജയ് കിരഗന്ദൂര്‍ പറയുന്നത്. ചിത്രം 2024ല്‍ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മാര്‍വല്‍ ശൈലിയിലുള്ള ഒരു ഫ്രാഞ്ചൈസി ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്ന് വിജയ് പറഞ്ഞു.
'പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ വരും വാരത്തിൽ ആരംഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിനു ശേഷമാണ് കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു മാര്‍വല്‍ യൂണിവേഴ്‌സ് ശൈലിയിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഡോക്ടര്‍ സ്‌ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സ്‌പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും', എന്ന് നിർമാതാവ് വ്യക്തമാക്കുന്നു.